
റീമേക്ക് വുഡ് എന്ന് ബോളിവുഡ് സമീപകാലത്ത് പ്രേക്ഷകരാല്‍ത്തന്നെ പരിഹസിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമ ഒറിജിനല്‍ കോണ്ടെന്‍റുമായി മികച്ച വിജയം നേടുമ്പോള്‍ പലപ്പോഴും തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന ബോളിവുഡിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആ പരാമര്‍ശം. അക്കാര്യത്തില്‍ താരങ്ങളില്‍ ഏറെ പരിഹാസമേറ്റത് അക്ഷയ് കുമാറുമായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലെത്തിയ ചിത്രവും ഒരു റീമേക്ക് ആയിരുന്നു. കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ സര്‍ഫിറ, സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആയിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ വീഴുകയും ചെയ്തു. അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രവും റീമേക്ക് ആണെന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കി തുടങ്ങിയിട്ടുണ്ട്.
മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഖേല്‍ ഖേല്‍ മേം ആണ് അക്ഷയ് കുമാറിന്‍റെ അടുത്ത റിലീസ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഓഗസ്റ്റ് 15 ആണ്. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ഒരു ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്. പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഇത്.
റഷ്യ, ജര്‍മനി, ഇന്തോനേഷ്യ എന്നിങ്ങനെ പല രാജ്യങ്ങളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണിത്. മോഹന്‍ലാലിന്‍റെ ഒടിടി ചിത്രം 12 ത്ത് മാന്‍ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ പ്ലോട്ടിന് സമാനമായ കഥ പറഞ്ഞ ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ ചിത്രം ഒഫിഷ്യല്‍ റീമേക്ക് ആണ്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍ എന്നിങ്ങനെ കൗതുകകരമായ താരനിരയാണ് ചിത്രത്തിലേത്. ഇത്തവണയെങ്കിലും അക്ഷയ് കുമാറിന് ബോക്സ് ഓഫീസ് ഭാഗ്യം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.
ALSO READ : 'ഔസേപ്പിൻ്റെ ഒസ്യത്ത്' പീരുമേട്ടില്‍ പുരോഗമിക്കുന്നു