'ഒരു കോടി നന്ദി'; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ സമാഹരിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍

By Web TeamFirst Published Dec 2, 2020, 5:26 PM IST
Highlights

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയ്ക്ക് മുടക്കുമുതല്‍ കണ്ടെത്താനായി സംവിധായകന്‍ അലി അക്ബര്‍ ആശ്രയിച്ചത് ക്രൗഡ് ഫണ്ടിംഗ് ആയിരുന്നു. പല ഘട്ടങ്ങളിലായി ലഭിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ധനസമാഹരണം ഒരു നിര്‍ണ്ണായക സംഖ്യ കടന്ന വിവരം അറിയിച്ചിരിക്കുകയാണ് അദ്ദേഹം. തുക ഒരു കോടി കടന്നിരിക്കുന്നുവെന്നാണ് അലി അക്ബര്‍ അറിയിച്ചിരിക്കുന്നത്.

"മമധര്‍മ്മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി", അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1921 പശ്ചാത്തലമാക്കുന്ന സിനിമയ്ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. 

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു. 

click me!