കാനില്‍ ചരിത്രം കുറിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; ഇന്ന് മുതല്‍ തിയറ്ററുകളില്‍

Published : Sep 21, 2024, 08:13 AM IST
കാനില്‍ ചരിത്രം കുറിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; ഇന്ന് മുതല്‍ തിയറ്ററുകളില്‍

Synopsis

കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രം, തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദർശിപ്പിക്കും

ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍പ്രീ പുരസ്കാരം നേടിയ ഇന്ത്യന്‍ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ഇന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇതാദ്യമായാണ് ഇന്ത്യയിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. തെലുങ്ക് താരം റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. സീക്കോ മൈത്ര, ചോക്ക് ആൻഡ് ചീസ് ഫിലിംസ്, രണബീർ ദാസ്, അനതർ ബർത്ത് എന്നീ ചിത്രങ്ങളുടെ ഇന്ത്യൻ നിർമ്മാതാക്കൾ, മുംബൈ ആസ്ഥാനമാക്കി കഴിഞ്ഞ അഞ്ച് വർഷമായി ഈ സിനിമയുടെ സാക്ഷാത്കാരത്തിനായി പായൽ കപാഡിയയ്‍ക്കൊപ്പം യാത്ര ചെയ്യുകയാണ്. 

കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രം, തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദർശിപ്പിക്കും. 'പ്രഭയായ് നിനച്ചതെല്ലാം' എന്നാണ് ചിത്രത്തിന് മലയാളത്തിൽ നൽകിയിരിക്കുന്ന പേര്. മുംബൈയിൽ ജോലി ചെയ്യാനും അവരുടെ ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും കേരളത്തിൽ നിന്ന് വരുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിൻ്റെ ഹൃദയമെന്നും അതിനാൽ ഈ ചിത്രം തിയറ്റർ പ്രദർശനം നടത്തുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കണം എന്നത് ഏറ്റവും ഉചിതമായ കാര്യമാണെന്നും സംവിധായിക പായൽ കപാഡിയ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ചിത്രം കാണാൻ കഴിയുമെന്നതിൽ താൻ ആവേശഭരിതയാണെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ അവിശ്വസനീയമായ ചിത്രം എത്തിക്കാൻ സാധിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സ്പിരിറ്റ് മീഡിയ ഉടമ റാണ ദഗുബാട്ടി പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങളിലൂടെ ഈ ചിത്രം ഒരു പാൻ ഇന്ത്യൻ അനുഭവമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിക്കാൻ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓസ്കർ പണ്ഡിറ്റുകൾക്കിടയിലും അക്കാദമി അവാർഡിനായി അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ സാധ്യതയുള്ള ചിത്രങ്ങളിൽ മുൻപന്തിയിലാണ് ഈ ചിത്രം. 

കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ  മലയാളം- ഹിന്ദി ചിത്രം നഴ്സ് പ്രഭയുടെ കഥയാണ് പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ചോക്ക് ആൻഡ് ചീസ് ഫിലിംസ്, ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ് എന്നിവ ചേർന്നുള്ള ഒരു  ഔദ്യോഗിക ഇന്തോ- ഫ്രഞ്ച് സഹനിർമ്മാണമാണ് ഈ ചിത്രം.

ALSO READ : പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'തണുപ്പ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'
'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക