'പുഷ്‍പ'യല്ല, അതുക്കും മേലെ; പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

Published : Apr 08, 2026, 11:57 AM ISTUpdated : Apr 08, 2026, 12:02 PM IST
allu arjun atlee kumar movie AA22xA6 now titled Raaka on his birthday with poster

Synopsis

പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ നായകനാവുന്ന, ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ നായകനാവുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എഎ 22- എ 6 എന്ന് ആയിരുന്നു. ആ പേരിലാണ് ചിത്രം ഇന്ന് വരെ അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്‍റെ ശരിക്കുമുള്ള ടൈറ്റില്‍ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. രാക്ക എന്നാണ് ചിത്രത്തിന്‍റെ പേര്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ അല്ലു അര്‍ജുന്‍റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു പോസ്റ്ററും അണിയറക്കാര്‍ ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഷേവ് ചെയ്ത തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്‍റെ തുടക്കമാണ് എന്നാണ് കണക്കുകൂട്ടൽ.

മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ചിത്രം എത്തുമെന്നാണ് ടൈറ്റില്‍ റിവീല്‍ പോസ്റ്ററുകളില്‍ നിന്ന് മനസിലാക്കാനാവുന്നത്. പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ അല്ലു അര്‍ജുന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളൊക്കെയും ആ പാന്‍ ഇന്ത്യന്‍ പ്രേക്ഷക സമൂഹത്തിന്‍റെ മുന്നിലേക്ക് ആവും എത്തുക. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 700 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്‍റെ ടൈറ്റില്‍ റിവീല്‍ ഇന്ന് ഉണ്ടാവുമെന്ന് നിര്‍മ്മാതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. മൂന്ന് മാസം നീണ്ടുനിന്ന ഷെഡ്യൂള്‍ ആയിരുന്നു ഇത്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔട്ട്ഡോര്‍ ഷെഡ്യൂളുമായിരുന്നു ഇത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഷെഡ്യൂള്‍ പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട വമ്പന്‍ സെറ്റിലാണ് ചിത്രീകരിച്ചത്. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്‍റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

 

 

അല്ലു അര്‍ജുന്‍റെ കരിയറിലെ 22-ാമത്തേതും ആറ്റ്ലിയുടെ കരിയറിലെ ആറാമത്തേതുമായ സിനിമയാണ് ഇത്. ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ വലിയ ഹൈപ്പില്‍ എത്തുന്ന ഒന്നാണ്. ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. പിആർഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ നടിയുടെ മുന്നില്‍ വച്ചാണ് അത് പറഞ്ഞത്, ഹരിശ്രീ അശോകനില്‍ നിന്നുണ്ടായ മോശം അനുഭവം'; വെളിപ്പെടുത്തി സംവിധായകന്‍
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ 25 ആം ദിവസത്തിലേക്ക് ആട് 3 ; റെക്കോർഡുകൾ തകർത്ത് പ്രദർശനം തുടർന്ന് പാപ്പനും പിള്ളേരും