Gold Movie: 'യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്'; 'ഗോള്‍ഡി'നെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

By Web TeamFirst Published Dec 4, 2021, 2:51 PM IST
Highlights

പ്രേമത്തിനുശേഷമെത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം

'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആറ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോന്‍സ് പുത്രന്‍റെ (Alphonse Puthren) സംവിധാനത്തില്‍ ഒരു ചിത്രം വരുന്നത്. ഒന്നല്ല, രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പാട്ട്' എന്ന ചിത്രമാണ് ഇടവേളയ്ക്കുശേഷം ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് മറ്റൊരു ചിത്രമാണ്. പൃഥ്വിരാജും (Prithviraj) നയന്‍താരയും (Nayanthara) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗോള്‍ഡ്' (Gold) ആണ് ഈ ചിത്രം. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ഗേബിളിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് സംവിധായകന്‍. നേരത്തെ നേരത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

"ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്", അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അല്‍ഫോന്‍സ് പറയുന്നത് മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നാണ് സിനിമാപ്രേമികളുടെ വാദം. മുന്‍പ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അല്‍ഫോന്‍സ് സമാന കാര്യമാണ് പറഞ്ഞതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നും അല്‍ഫോന്‍സ് ആരാധകര്‍ പറയുന്നു. രസകരമായ എന്‍റര്‍ടെയ്‍നര്‍ എന്നാണ് നേരത്തെ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്- "നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നയന്‍താരയെ കൂടാതെ 47 അഭിനേതാക്കള്‍ കൂടിയുണ്ട് ചിത്രത്തില്‍. 'നേര'ത്തിന്‍റെയൊക്കെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡ്", പൃഥ്വിരാജ് പറഞ്ഞിരുന്നു.

അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

click me!