
ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ 'മണി ഹെയ്സ്റ്റ്'. 'ലാ കാസ ഡേ പാപ്പല്‍' എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം അവസാന സീസണിന്‍റെ പ്രൊഡക്ഷന്‍ അന്തിമഘട്ടത്തിലാണ്. തങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നതനുസരിച്ച് താരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ കഥാപാത്രത്തോട് വിട പറയുന്നതിന്‍റെ വികാരം പങ്കുവെക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സിരീസിന്‍റെ നെടുംതൂണ്‍ കഥാപാത്രം സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിച്ച അല്‍വരൊ മോര്‍ത്തെ തന്നെ.
മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്നതിന്‍റെ ലഘു വീഡിയോ ആണ് മോര്‍ത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെറ്റില്‍ നിന്നും തന്‍റെ കാറോടിച്ച് പോകുന്ന മോര്‍ത്തെ വീഡിയോയില്‍ ഒന്നും പറയുന്നില്ല. മറിച്ച് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നതും തിരിഞ്ഞ് പ്രേക്ഷകരെ നോക്കി ഒരു പുഞ്ചിരിയും മാത്രമാണ് വീഡിയോയിലുള്ളത്. ഒപ്പം എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള ഒരു കുറിപ്പും.
"മണി ഹെയ്സ്റ്റ് സെറ്റിനോട് അവസാനമായി വിട ചൊല്ലുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണ്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ നിങ്ങളോടും, പ്രിയപ്പെട്ട പ്രൊഫസര്‍. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി", അല്‍വരോ മോര്‍ത്തെ വീഡിയോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോര്‍ത്തെയുടെ വികാരത്തോട് അതേ ഭാവത്തിലാണ് പ്രേക്ഷകരുടെ തിരിച്ചുമുള്ള പ്രതികരണം. 30 ലക്ഷത്തിലധികം കാഴ്ചകളും ഇരുപതിനായിരത്തോളം കമന്‍റുകളുമാണ് ഈ വീഡിയോ ഇതുവരെ നേടിയിരിക്കുന്നത്.
സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച സിരീസിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്. അവസാന സീസണ്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ