'കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് കാമിനിയെ, അതിനാല്‍ മുടി മുറിച്ചു'; 'ആടൈ' അഭിനയാനുഭവം പറഞ്ഞ് അമല പോള്‍

By Web TeamFirst Published Jul 17, 2019, 11:45 PM IST
Highlights

'കുറേക്കാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്റേതായ ശാന്തത അനുഭവിക്കുന്നുമുണ്ട്. 'കാമിനി' അതിന് വിപരീതദിശയില്‍ നില്‍ക്കുന്ന ഒരാളാണ്. 'എക്‌സെന്‍ട്രിക്, ഹൈപ്പര്‍' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആള്‍. മുന്‍പത്തെ ഞാന്‍ അങ്ങനെയൊക്കെ ആയിരുന്നു. 19-20 വയസ്സൊക്കെ പ്രായമുള്ള സമയത്ത്.."

തമിഴില്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കാത്തിരിപ്പുള്ള ഒന്നാണ് അമല പോള്‍ നായികയാവുന്ന 'ആടൈ'. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമാഗ്രൂപ്പുകളിലൊക്കെ വലിയ ചര്‍ച്ചകളാണ് ഈ പ്രോജക്ടിനെക്കുറിച്ച് നടന്നത്. ഇപ്പോഴിതാ ചിത്രത്തിലെ 'കാമിനി' എന്ന കഥാപാത്രമാവാന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് അമല പോള്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അമല മനസ് തുറക്കുന്നത്. തിരക്കഥയെക്കുറിച്ച് സംവിധായകനുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ തന്നെയായിരുന്നു ആദ്യ തയ്യാറെടുപ്പെന്ന് പറയുന്നു അവര്‍. 

'ഇമോഷണല്‍ കണ്ടിന്വിറ്റി' ചില സ്ഥലങ്ങളില്‍ മിസ്സിംഗ് ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ആ ഭാഗങ്ങള്‍ ശരിപ്പെടുത്തിയത്. തിരക്കഥ പലയാവര്‍ത്തി വായിച്ചപ്പോഴേക്ക് 'കാമിനി' എന്ന കഥാപാത്രം മനസിലേക്ക് എത്തുന്നുണ്ടായിരുന്നു. അതേസമയം എന്റെ യഥാര്‍ഥ വ്യക്തിത്വത്തില്‍ നിന്ന് കാമിനിയുടെ വ്യക്തിത്വത്തിലേക്ക് എത്തേണ്ടതുമുണ്ടായിരുന്നു', അമല പറയുന്നു

'കുറേക്കാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്റേതായ ശാന്തത അനുഭവിക്കുന്നുമുണ്ട്. 'കാമിനി' അതിന് വിപരീതദിശയില്‍ നില്‍ക്കുന്ന ഒരാളാണ്. 'എക്‌സെന്‍ട്രിക്, ഹൈപ്പര്‍' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആള്‍. മുന്‍പത്തെ ഞാന്‍ അങ്ങനെയൊക്കെ ആയിരുന്നു. 19-20 വയസ്സൊക്കെ പ്രായമുള്ള സമയത്ത്. 'കാമിനി'യാവാനായി കുറേക്കാലത്തിന് യോഗയ്ക്ക് പകരം ജിമ്മില്‍ പോയിത്തുടങ്ങി. കാപ്പി കുടിക്കാന്‍ തുടങ്ങി. ഞാന്‍ കാപ്പി കുടിക്കാറില്ല. ആയുര്‍വേദ വിധിയനുസരിച്ച് ത്രിദോഷങ്ങളില്‍ പിത്തപ്രധാനിയാണ് ഞാന്‍. അങ്ങനെയുള്ളവര്‍ കാപ്പി കുടിയ്ക്കരുതെന്നാണ് വിധി.'

ഉറക്കത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു എന്നതായിരുന്നു ഈ ശീലങ്ങളുടെയൊക്കെ ആകെത്തുകയെന്ന് പറയുന്നു അമല പോള്‍. 'ദേഷ്യം കൂടിത്തുടങ്ങി. പ്രിയപ്പെട്ടരോടൊക്കെ ചൂടാവുന്നുവെന്ന കാര്യം എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. പാര്‍ട്ണറോടടക്കം. പക്ഷേ കഥാപാത്രത്തിനുള്ള തയ്യാറെടുപ്പ് ആയിരുന്നതിനാല്‍ സ്വഭാവത്തില്‍ വരുന്ന ഈ വ്യത്യാസങ്ങള്‍ ഞാന്‍ മാറ്റാന്‍ ശ്രമിച്ചുമില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള ആളാണ് 'കാമിനി'. ആ തലമുറയുടെ സ്റ്റൈലും ഭാഷയുമൊക്കെ കഥാപാത്രത്തിലേക്ക് എത്തിക്കണമായിരുന്നു. അതിനുവേണ്ടിയും ശ്രമങ്ങള്‍ ഉണ്ടായിരുന്നു.'

ചിത്രീകരണത്തിന് ശേഷവും കഥാപാത്രം വിട്ടുപോകുന്നുണ്ടായിരുന്നില്ലെന്നും പറയുന്നു അവര്‍. 'ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം മുടി വെട്ടി. കാരണം കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം ഞാന്‍ 'കാമിനി'യെ ആയിരുന്നു കണ്ടിരുന്നത്. കാരണം സിനിമയില്‍ ചില രംഗങ്ങളിലൊക്കെ ശരീരം കവര്‍ ചെയ്യുന്നത് തലമുടി കൊണ്ടായിരുന്നു. ഷൂട്ടിംഗിന്റെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു മോയ്‌സ്ചുറൈസിംഗ് ക്രീം ഉണ്ടായിരുന്നു. ആ ബ്രാന്‍ഡ് ഇനി ഞാന്‍ ഉപയോഗിക്കില്ല. കാരണം അതിന്റെ മണം കിട്ടുമ്പോഴേ 'ആടൈ'യാണ് മനസിലേക്ക് എത്തുന്നത്.'

click me!