അവളുടെ കൊലയ്ക്ക് കാരണം നമ്മുടെ മൗനമാണ് ; വിവാദമായ പോസ്റ്റുമായി അമലപോള്‍

By Web TeamFirst Published Oct 3, 2020, 12:53 PM IST
Highlights

യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് അമല പോളിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ്. @Chathan_ എന്ന അക്കൌണ്ടിനെ ഉദ്ധരിച്ചാണ് അമലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 

കൊച്ചി: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ അവിടുത്തെ പൊലീസോ ജാതിവ്യവസ്ഥയോ അല്ല സംഭവത്തില്‍ പ്രതിസ്ഥാനത്തെന്നും മറിച്ച് നമ്മുടെ മൗനമാണ് പ്രതി ചേര്‍ക്കപ്പെടുന്നതെന്നും അമല പോള്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അമലയുടെ പ്രതികരണം.

"ബലാല്‍സംഗം ചെയ്ത്, കൊന്നിട്ട് അവളെ ചാരമാക്കി കളഞ്ഞു. ആരാണ് ഇത് ചെയ്തത്? അത് ജാതി വ്യവസ്ഥയോ യുപി പൊലീസോ യോഗി ആദിത്യനാഥോ അല്ല. നിശബ്ദരായിരിക്കുന്ന നമ്മളാണ്, നമ്മളാണ് ഇത് ചെയ്തത്" എന്നാണ് അമല പോളിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ്. @Chathan_ എന്ന അക്കൌണ്ടിനെ ഉദ്ധരിച്ചാണ് അമലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 

ഹാഥ്റസില്‍ പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നതിനിടെയാണ്  അമല പോളിന്റെ ഇന്‍സ്റ്റ സ്റ്റാറ്റസും ചര്‍ച്ചയാകുന്നത്. 

അതേ സമയം ഹാഥ്റസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് 40 എംപിമാരുമായി പോകുമെന്ന് രാഹുൽ ഗാന്ധി. നേരത്തേ ഹാഥ്റസിലേക്ക് പോകാൻ ശ്രമിക്കവേ, രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ദില്ലി - യുപി അതിർത്തിയിൽ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. 

ഇതിനിടെ, യുപിയിൽ ദളിത് സംഘടനകളുടെയും പാർട്ടികളുടെയും പ്രതിഷേധം ഇരമ്പുകയാണ്. യുപി നിയമസഭാ മന്ദിരത്തിന് മുന്നിൽ മാലിന്യം തള്ളി പ്രതിഷേധിച്ച ഭീം ആർമി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

ഇതിനിടെ, ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവർത്തകയുടെ ഫോൺ ചോർത്തി, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് പുറത്തുവിട്ട ബിജെപി ഐടി സെൽ അധ്യക്ഷനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
 

click me!