Katrina Kaif- Vicky Kaushal Wedding : ഒടിടി സംപ്രേഷണാവകാശത്തില്‍ സിനിമകളെയും മറികടന്ന് കത്രീന- വിക്കി വിവാഹം

Published : Dec 08, 2021, 02:26 PM IST
Katrina Kaif- Vicky Kaushal Wedding : ഒടിടി സംപ്രേഷണാവകാശത്തില്‍ സിനിമകളെയും മറികടന്ന് കത്രീന- വിക്കി വിവാഹം

Synopsis

രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ വെള്ളിയാഴ്ചയാണ് വിവാഹം

സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടുന്ന താരവിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹം (Katrina Kaif- Vicky Kaushal Wedding). രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസങ്ങളിലായാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ട്രെന്‍ഡ് ആയി നിലനില്‍ക്കുന്ന വിഷയവും ഈ വിവാഹമാണ്. സിനിമാപ്രേമികളിലെ ഈ അതീവ താല്‍പര്യം മനസിലാക്കി വിവാഹത്തിന്‍റെ സംപ്രേഷണാവകാശം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം സ്വന്തമാക്കിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ് (Amazon Prime Video) വന്‍ തുക മുടക്കി വിവാഹത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. 80 കോടിക്കും 100 കോടിക്കും ഇടയിലുള്ള തുകയ്ക്കാണ് പ്രൈം വീഡിയോ കരാര്‍ ആയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോകമെങ്ങും സിനിമാപ്രേമികളില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളിലൊന്നാണ് താരങ്ങളുടെ വിവാഹം. ഈ വാര്‍ത്താപ്രാധാന്യം മനസിലാക്കിക്കൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ താര വിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കാറുമുണ്ട്. 2019ല്‍ വിവാഹിതരായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹം ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസ് ആയി വന്നിരുന്നു. നേരത്തെ ദീപിക പദുകോണ്‍- രണ്‍വീര്‍ സിംഗ് വിവാഹസമയത്തും ഒരു ഒടിടി പ്ലാറ്റ്ഫോം സമാനരീതിയില്‍ ഒരു ഓഫര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും താരങ്ങള്‍ അത് തള്ളുകയായിരുന്നു. വിവാഹത്തിന്‍റെ സ്വകാര്യത നഷ്ടപ്പെടുന്നതില്‍ ദീപികയ്ക്കും രണ്‍വീറിനും താല്‍പര്യമില്ലായിരുന്നു. അതേസമയം വന്‍ വാര്‍ത്താപ്രാധാന്യം നേടുന്ന കത്രീന- വിക്കി വിവാഹത്തോടെ ഇന്ത്യയിലും താരവിവാഹങ്ങളുടെ ഒടിടി സംപ്രേഷണത്തിന് മികച്ച തുടക്കമിടാമെന്നാണ് പ്രേം വീഡിയോയുടെ കണക്കുകൂട്ടല്‍. 

അതേസമയം ക്ഷണിതാക്കളായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശനമായ ചിട്ടവട്ടങ്ങള്‍ ഈ ഒടിടി കരാര്‍ ഉള്ളതിനാലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് അതിഥികളോട് ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടിയിലൂടെ വരുന്നതിനു മുന്‍പ് വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാനാണ് ഇത്.

ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിച്ച പല ഒടിടി റിലീസുകള്‍ക്കും ലഭിച്ച തുകയേക്കാള്‍ വലുതാണ് കത്രീന- വിക്കി വിവാഹത്തിന് ലഭിച്ചിരിക്കുന്ന ഓഫര്‍. ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിന് സമാനമായ തുകയാണ് വിവാഹത്തിന് ആമസോണ്‍ പ്രൈം നല്‍കിയിരിക്കുന്നത്. സമീപകാലത്തെ ഇന്ത്യയിലെ ശ്രദ്ധേയ ഒടിടി റിലീസുകളില്‍ ഉള്‍പ്പെട്ട ഒന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ആമസോണ്‍ പ്രൈം നല്‍കിയത് 30 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അന്നുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ഒടിടി അവകാശമായാണ് ഈ തുക റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം