
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നിയമാവലിയിൽ തത്കാലം ഭേദഗതി ഉണ്ടാവില്ല. വുമണ്‍ കളക്ടീവ് അംഗങ്ങൾ അടക്കമുള്ളവര്‍ എതിർപ്പുയർത്തിയ സാഹചര്യത്തിൽ ആണ് ഭേദഗതി മരവിപ്പിച്ചത്. രാജി വച്ച അംഗങ്ങൾ 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ തിരിച്ചുവരാമെന്ന് പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കി.
സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നും സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നുവെന്നമു ഉള്ള ആരോപണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി വരുത്തിയുള്ള അടിമുടി മാറ്റത്തിന് അമ്മ ഒരുങ്ങിയത്. നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം ഭേദഗതികളാണ് വാർഷിക പൊതുയോഗത്തില്‍ ചർച്ചയായത്. എന്നാൽ, കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് കാട്ടി ഡബ്ല്യുസിസി അംഗങ്ങൾ ഭേദഗതിയെ രേഖാ മൂലം എതിർത്തു.
സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയില്‍ ഇല്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഉപസമിതികളിലൊന്നും ഉറപ്പാക്കാത്ത ഭേദഗതി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും എന്ന് ചൂണ്ടിക്കാട്ടി രേവതി, പാർവതി എന്നിവർ എതിർപ്പുന്നയിച്ചു. ജോയ് മാത്യു, ഷമ്മി തിലകൻ തുടങ്ങിയവരും ഭേദഗതിയെ എതിർത്തു.
ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചർച്ചകൾക്കായി തീരുമാനം മാറ്റിയതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. ആഭ്യന്തര പരാതി പരിഹാരസെല്ലും താത്കാലം ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി അടക്കം സംഘടനയിൽ നിന്ന് രാജിവച്ച അംഗങ്ങൾ തിരിച്ചു വരാൻ അപേക്ഷ നൽകണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
2021ൽ ആണ് ഇനി അമ്മയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക. ഈ കാലയളവിനുള്ളിൽ ആവശ്യമെങ്കിൽ ഭേദഗതി നടപ്പാക്കാമെന്നും തീരുമാനിച്ചാണ് 25 ാമത് വാർഷിക പൊതുയോഗം പിരിഞ്ഞത്. യോഗത്തിൽ 'അമ്മ' യുടെ വക്താവായി മോഹൻലാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഡബ്യു സി സിയുടെ എതിർപ്പല്ല ഭേദഗതി മരവിപ്പിക്കാൻ കാരണമെന്ന് നേതൃത്വം അറിയിക്കുന്നുണ്ടെങ്കിലും വനിതാകൂട്ടായ്മ 'അമ്മ'യ്ക്കെതിരെ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തെത്താനാണ് സാധ്യത.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ