അക്ഷയ് കുമാറിന്‍റെ 'ബെല്‍ബോട്ടം' ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

By Web TeamFirst Published Sep 12, 2021, 1:55 PM IST
Highlights

ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 2.75 കോടി മാത്രമായിരുന്നു

അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍ത സ്പൈ ആക്ഷന്‍ ത്രില്ലര്‍ 'ബെല്‍ബോട്ടം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 16നാണ് സ്ട്രീമിംഗ് ആരംഭിക്കുക. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്ന് ആദ്യമായെത്തിയ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. എന്നാല്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായി കളക്റ്റ് ചെയ്‍തിരുന്നില്ല.

ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 2.75 കോടി മാത്രമായിരുന്നു. ഇതുവരെ ആകെ നേടിയ തിയറ്റര്‍ കളക്ഷന്‍ 30 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം മാര്‍വെലിന്‍റെ ഹോളിവുഡ് സൂപ്പര്‍ഹാറോ ചിത്രം 'ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്‍സ്', വിനായക ചതുര്‍ഥി റിലീസ് ആയെത്തിയ തെലുങ്ക് ചിത്രം 'സീട്ടിമാര്‍' എന്നിവ ആദ്യദിന ഇന്ത്യന്‍ കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു. ഷാങ്-ചി 3.25 കോടിയും സീട്ടിമാര്‍ 3.5 കോടിയുമാണ് നേടിയത്.

trend 🤝 , 16th September pic.twitter.com/VZjYuokwoX

— amazon prime video IN (@PrimeVideoIN)

അതേസമയം ബോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റ് ആയ മഹാരാഷ്ട്രയില്‍ തിയറ്ററുകള് തുറന്നിട്ടില്ലാത്ത സാഹചര്യത്തില്‍ റിലീസ് ചെയ്യപ്പെട്ട ബെല്‍ബോട്ടത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ തന്നെ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നില്ല. 30 കോടി കിട്ടിയാല്‍ത്തന്നെ 100 കോടി കിട്ടിയതുപോലെ കരുതുമെന്നുമായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രീ-റിലീസ് പ്രതികരണം. ഇന്ത്യയില്‍ ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമായിരുന്നു ചിത്രം തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!