
പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി സെറ്റിലെത്തിയ ചിത്രങ്ങൾ പങ്കുവച്ച് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. ശാന്തകുമാരിയുടെ പിറന്നാൾ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. മോഹൻലാലിന്റെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ സിനിമയുടെ ചിത്രീകരണം കാണാൻ കയറിയതാണെന്നും അനന്തപത്മനാഭൻ ഓർക്കുന്നു.
അനന്തപത്മനാഭൻ പങ്കുവച്ച കുറിപ്പ്:
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. 'തൂവാനത്തുമ്പി'കളിലെ "മൂലക്കുരുവിന്റെ അസ്ക്യത" എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്. ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . "ലാലുവിന്റെ കല്യാണ ആലോചനകൾ" തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. തൂവാനത്തുമ്പികൾ കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു. ചിത്രത്തിൽ ലാലേട്ടനും, ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹൻലാലിനെ പലയാവർത്തി മലയാളികൾ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനം അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ