
പരിപാടിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിൽസയിലുള്ള നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ ചികിൽസയിലാണ് രാജേഷ് ഇപ്പോൾ. രാജേഷ് കണ്ണു തുറന്നെന്നും ഫോക്കസ് കുറച്ചുകൂടി ശരിയാകാനുണ്ടെന്നും പ്രതാപ് പറയുന്നു.
''രാജേഷിന് ഇപ്പോൾ എങ്ങിനെയുണ്ട്...? കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ രണ്ട് ആഴ്ച ആയി ഞാൻ ഒരു യാത്രയിൽ ആയിരുന്നതിനാൽ കൃത്യമായി മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷിൽ നിന്നു അപ്ഡേറ്റുകൾ എടുക്കുന്നുണ്ടെങ്കിലും നേരിട്ടു വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശരി എന്ന് തോന്നി. 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകൾ ഏകോപിപ്പിക്കുന്നത്. വിവിധ തെറാപ്പികൾ രാജേഷിനു ചെയ്യിപ്പിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നുവെങ്കിലും പലതും ഞങ്ങൾ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്‌പീച്ച് തെറാപ്പിയും, ഫിസിയോതെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഉച്ചയ്ക്ക് ശേഷമുള്ള ഒക്യൂപ്പെഷണൽ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയേയും മാനസികനിലയെയും ചിലപ്പോൾ പരീക്ഷിക്കുന്നവയാണ്. ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാർഥതയെയും സഹനശക്തിയെയും മനസ്സുകൊണ്ട് നമിക്കുന്നു." പ്രതാപ് ജയലക്ഷ്മി പറയുന്നു.
രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി ശരിയാകേണ്ടതുണ്ട്. കേൾവി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോൾ പാതി മയക്കത്തിൽ, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോൾ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവൻ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കിൽ കൂടിയും പരമാവധി ചികിത്സ നൽകുവാൻ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നൽകിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനസ്സുകളെ നന്ദിയോടെ ഓർക്കുന്നു. രാജേഷിനെ കേൾപ്പിക്കാൻ വോയ്‌സ് നോട്ടുകൾ അയയ്ക്കുന്നവരോട് ഒത്തിരി സ്നേഹം'', പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.