Diwali Releases | തിയറ്ററുകളെ രക്ഷിക്കുമോ ദീപാവലി? ബോക്സ് ഓഫീസ് മത്സരത്തിന് രജനി, വിശാല്‍, അക്ഷയ് കുമാര്‍

By Web TeamFirst Published Nov 3, 2021, 11:59 PM IST
Highlights

കേരളത്തിലും തിയറ്ററുകള്‍ തുറന്നതിനു ശേഷമെത്തുന്ന ആദ്യ ബിഗ് റിലീസുകള്‍

ഇന്ത്യന്‍ ബിഗ് സ്ക്രീനിലെ ഏറ്റവും പ്രധാന സീസണുകളിലൊന്നാണ് ദീപാവലി (Diwali). ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ ഭേദമില്ലാതെ പല പ്രധാന സൂപ്പര്‍താര ചിത്രങ്ങളും തിയറ്ററുകളിലെത്തുന്ന സമയം. ഇത്തവണത്തെ ദീപാവലിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്ന് രാജ്യമാകെയുള്ള സിനിമാ വ്യവസായം പ്രതീക്ഷിക്കുകയാണ് ഇത്തവണ. തമിഴിലും ഹിന്ദിയിലുമായി മൂന്ന് പ്രധാന റിലീസുകളാണ് (Diwali Releases) ഈ ദീപാവലിക്ക് പ്രേക്ഷകരെ തേടി എത്തുന്നത്. ഒപ്പം ഹോളിവുഡില്‍ നിന്നും ഒരു ചിത്രമുണ്ട്.

രജനീകാന്തിന്‍റെ സിരുത്തൈ ശിവ ചിത്രം അണ്ണാത്തെ, വിശാലിന്‍റെ ആനന്ദ് ശങ്കര്‍ ചിത്രം എനിമി എന്നിവയാണ് കോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകള്‍. ബോളിവുഡില്‍ നിന്നും രോഹിത് ഷെട്ടിയുടെ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ഹോളിവുഡില്‍ നിന്നും മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം എറ്റേണല്‍സും തിയറ്ററുകളില്‍ മാറ്റുരയ്ക്കാനെത്തുന്നു. ഇതില്‍ അണ്ണാത്തെയും എനിമിയും ദീപാവലി ദിനമായ 4നു തന്നെ എത്തും. സൂര്യവന്‍ശിയും എറ്റേണല്‍സും 5നാണ് എത്തുക. 

 

നേരത്തെ അജിത്ത് കുമാറിനെ നായകനാക്കി ശിവ ഒരുക്കിയ ചിത്രങ്ങളുടെ മാതൃകയില്‍ ഉള്ളതെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു അണ്ണാത്തെയുടെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍. ആദ്യമായാണ് രജനീകാന്ത് ഒരു ശിവ ചിത്രത്തില്‍ നായകനാവുന്നത്. ഒരു രജനി ചിത്രത്തിലെ ചേരുവകളെല്ലാം പ്രതീക്ഷിക്കാവുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു എന്നിങ്ങനെ താരനിര നീളുന്നു. കൊവിഡിനു ശേഷമെത്തുന്ന രജനി ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍. തമിഴ്നാട്ടിലെ പല സെന്‍ററുകളിലും പുലര്‍ച്ചെ 4 മുതല്‍ പ്രദര്‍ശനങ്ങളുണ്ട്. വിദേശ റിലീസില്‍ അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശിയേക്കാള്‍ സ്ക്രീന്‍ കൗണ്ടും അണ്ണാത്തെയ്ക്കാണ്. ഇന്ത്യയ്ക്കു പുറത്ത് 1200ലേറെ തിയറ്ററുകളിലാണ് ചിത്രം വ്യാഴാഴ്ച പ്രദര്‍ശനം ആരംഭിക്കുക.

അതേസമയം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന എനിമിയില്‍ വിശാലിനൊപ്പം ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ്. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറും ട്രെയ്‍ലറുമൊക്കെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിശാലിന്‍റെ സ്ഥിരം പ്രേക്ഷകര്‍ക്കൊപ്പം രജനി ചിത്രത്തിനൊപ്പം റിലീസ് ചെയ്യപ്പെടുന്നതിന്‍റെ ഗുണവും എനിമിക്ക് ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കേരളത്തിലും മികച്ച തിയറ്റര്‍ കൗണ്ടുമായാണ് ഈ ചിത്രങ്ങള്‍ എത്തുന്നത്. രജനീകാന്തിന്‍റെ അണ്ണാത്തെ 260ലേറെ തിയറ്ററുകളിലും വിശാലിന്‍റെ എനിമി 127 തിയറ്ററുകളിലുമാണ് റിലീസ് ചെയ്യുക.

 

കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒന്നര വര്‍ഷത്തിലേറെ നീട്ടിവെക്കേണ്ടിവന്ന ചിത്രമാണ് അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശി. ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശിയാണ് അക്കിയുടെ കഥാപാത്രം. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളായി രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും വീണ്ടും എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആണ് രണ്‍വീറിന്‍റെ കഥാപാത്രം. സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും പ്രത്യക്ഷപ്പെടുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിങ്ങനെയാണ് ബാക്കി താരനിര. ദീപാവലി റിലീസുകള്‍ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് കോളിവുഡിനേക്കാള്‍ ആശങ്ക ബോളിവുഡിനാണ്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് എത്തിയ ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍ മികച്ച വിജയമാണ് നേടിയത്. എന്നാല്‍ അങ്ങനെ എടുത്തുപറയാന്‍ തക്ക ഒരു വിജയം ബോളിവുഡിന് ഇനിയും ഉണ്ടായിട്ടില്ല. 

click me!