'ഇവിടെ ജാവേദും ജോസഫും ജയദേവും വേണം'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനൂപ് മേനോൻ

By Web TeamFirst Published Dec 16, 2019, 10:40 PM IST
Highlights

രാജ്യത്ത് ജാവേദും ജോസഫും ജയദേവും വേണമെന്നും ഈ സ്നേഹം വരും തലമുറകളിലേക്കും പകരണമെന്നും അനൂപ് കുറിക്കുന്നു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി സംവിധായകനും നടനുമായി അനൂപ് മേനോൻ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്ത് ജാവേദും ജോസഫും ജയദേവും വേണമെന്നും ഈ സ്നേഹം വരും തലമുറകളിലേക്കും പകരണമെന്നും അനൂപ് കുറിക്കുന്നു.

''ഞങ്ങൾക്ക് അറിയാവുന്ന ഇന്ത്യയിൽ മതേതര മൂല്യങ്ങളെ ഉയർത്തിപിടിക്കുക എന്നത് ആരിലും ചുമത്തട്ടപ്പെട്ടതായിരുന്നില്ല. മുതിർന്നവരെ ബഹുമാനിക്കുന്നതു പോലെ കടന്നുവന്ന ഒരു ശീലമാണ്. ഇന്ത്യൻ സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം നാനാത്വത്തിൽ ഏകത്വം എന്നതാണെന്ന് വിശ്വസിക്കാൻ ആരും ഞങ്ങളെ നിർബന്ധിച്ചില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞ് ചേർന്നതാണ്. ഞങ്ങൾ‌ക്കറിയാവുന്ന ഇന്ത്യയിൽ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. എന്നാൽ അവ ഒരിക്കലും വെറുപ്പോ ഭയമോ മൂലം ഉണ്ടായതല്ല. 

പ്രിയ സർക്കാരേ, ഇവിടെ ഉള്ള ഓരോ ഹിന്ദുവിനും മുസ്ലിം,ക്രിസ്ത്യൻ, സിഖ് എന്നീ വിഭാ​ഗത്തിൽപ്പെട്ട സുഹൃത്തുക്കൾ ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങൾ വളർന്ന് വന്നതും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടു നിൽക്കരുത്. ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങൾക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്നേഹം വരും തലമുറകളിലേക്കും പകരണം''-അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

click me!