
മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുസ്മരണക്കുറിപ്പുമായി അനൂപ് മേനോന്‍. 23-ാം വയസില്‍ ഒരു ചാനല്‍ അവതാരകനായിരുന്ന കാലത്ത് ശാന്തകുമാരിയുടെ അഭിമുഖം എടുക്കാനായി എത്തിയപ്പോഴത്തെ ആദ്യ കൂടിക്കാഴ്ചയുടെ അനുഭവമാണ് അനൂപ് മേനോന്‍ കുറിച്ചിരിക്കുന്നത്. പരിചയപ്പെടുന്ന ആര്‍ക്കും മക്കളേ എന്ന ഒറ്റ വിളിയിലൂടെ അടുപ്പം തോന്നിപ്പിക്കുന്ന ശാന്തകുമാരിയെക്കുറിച്ച് അനൂപ് മേനോന്‍ കുറിക്കുന്നു.
അമ്മ.. ആ പേര് അത്രയും അന്വര്‍ഥമാക്കിയ ഒരാള്‍. പരിചയപ്പെടുന്ന ആര്‍ക്കും മക്കളേ എന്ന ഒറ്റ വിളിയിലൂടെ അവര്‍ അമ്മയായി മാറുമായിരുന്നു. കൈരളി ടിവിയിലെ അവതാരകന്‍ എന്ന നിലയില്‍ 23-ാം വയസിലാണ് അമ്മയെ ഞാന്‍ കാണുന്നത്. ലാലേട്ടന്‍റെ അമ്മ എന്ന നിലയില്‍ അഭിമുഖം നടത്തുന്നതിനായി. അന്ന് എനിക്ക് ലാലേട്ടനെ വ്യക്തിപരമായി അറിയുമായിരുന്നില്ല. സൂപ്പര്‍സ്റ്റാറിന്‍റെ വീട്ടിലേക്ക് ഉത്കണ്ഠയോടും പരിഭ്രമത്തോടുമാണ് അന്ന് ഞാന്‍ എത്തിയത്. അപ്പോള്‍ ഈ അമ്മ എത്തി, അത്രയും ഊഷ്മളമായ ചിരിയോടെയും അത്രയും കനിവുള്ള കണ്ണുകളോടെയും. അപ്പോള്‍ ഞാനും ആ വീട്ടിലേതാണെന്ന് എനിക്ക് തോന്നി. ആ അഭിമുഖവും സവിശേഷമായിരുന്നു. ഞാനല്ല, അമ്മ എന്നോടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഇടയ്ക്ക് അവര്‍ അവരുടെ ലാലുവിനെക്കുറിച്ച് ചിലതൊക്കെ പറയും. ഏറെക്കാലം കാണാതിരുന്ന ഒരു ബന്ധുവിനോട് സംസാരിക്കുന്നത് പോലെയാണ് എന്നോട് സംസാരിച്ചത്. അന്ന് ഞങ്ങള്‍ക്ക് ഊണ് നല്‍കി. ചായ കുടിച്ചിട്ട് പോകാമെന്ന് നിര്‍ബന്ധിച്ചു. പോരുമ്പോള്‍ നിറുകയില്‍ ഒരു ഉമ്മ നല്‍കി എന്നെ അനുഗ്രഹിച്ചു. എന്നിട്ട് പറഞ്ഞു- മോന്‍ സിനിമേല്‍ വരും കേട്ടോ.
ഒരു ദിവസത്തെ ജോലിക്ക് 200 രൂപ കിട്ടുന്ന ഒരു ഇരുപത്തിമൂന്നുകാരനെ സംബന്ധിച്ച് ആ വാക്കുകളായിരുന്നു ആ സന്ദര്‍ശനത്തിലെ ഏറ്റവും വലിയ നേട്ടം. ലാലേട്ടനെ വര്‍ഷങ്ങള്‍ക്ക് ശേഷം പരിചയപ്പെടുമ്പോള്‍ അമ്മയില്‍ നിന്നുള്ള ആ സ്നേഹത്തുടര്‍ച്ച എനിക്ക് അനുഭവപ്പെട്ടു. കനല്‍ ഷൂട്ടിംഗിനിടെ അമ്മയെപ്പറ്റി പറയുമ്പോഴെല്ലാം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയുടെ ആരോഗ്യം മോശമായ സമയമായിരുന്നു അത്. അമ്മയെ ഇത്രയും സ്നേഹിക്കുന്ന, പരിചരിക്കുന്ന ഒരു മകനെ ഞാന്‍ വേറെ കണ്ടിട്ടില്ല. അത് നിങ്ങളുടെ ആത്മാവിന്‍റെ മാത്രം ഗുണമല്ല ലാലേട്ടാ. ആ അമ്മയുടെ വ്യക്തിത്വത്തിന്‍റേത് കൂടിയാണ് അത്. ആ സ്നേഹം അമ്മ എപ്പോഴും കരുതി. നിങ്ങളെ ഞങ്ങളെല്ലാവരും മിസ് ചെയ്യും, അമ്മ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ