
തന്നെ മമ്മൂട്ടിയെന്ന് ആദ്യമായി വിളിച്ചയാളെ മലയാളികളുടെ പ്രിയതാരം പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത് ഇന്നലെ ആയിരുന്നു. മലയാള മനോരമ സംഘടിപ്പിച്ച സാഹിത്യോത്സവമായ ഹോര്‍ത്തൂസ് ആയിരുന്നു വേദി. മഹാരാജാസ് കോളെജ് കാലത്ത് തന്നെ മമ്മൂട്ടിയെന്ന് ആദ്യമായി വിളിച്ച ശശിധരനെയാണ് മമ്മൂട്ടി വേദിയിലേക്ക് വിളിച്ച് പരിചയപ്പെടുത്തിയത്. അതിന് സാക്ഷിയായതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്‍റോ ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആന്‍റോ ജോസഫിന്‍റെ കുറിപ്പ്.
ആന്‍റോ ജോസഫിന്‍റെ കുറിപ്പ്
'എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ അവിടിരിപ്പുണ്ട്...'. മമ്മൂക്ക പറഞ്ഞപ്പോൾ എല്ലാവരും സദസ്സിന്റെ ഒരു വശത്തേക്ക് ഉറ്റുനോക്കി. പിന്നെ നിങ്ങൾക്ക് കാണാനായി അദ്ദേഹത്തെ ഞാൻ ഇങ്ങോട്ടു വിളിക്കുകയാണ് എന്നു പറഞ്ഞ് മമ്മൂക്ക ഒരാളെ സദസ്സിലേക്ക് വിളിച്ചു കയറ്റി, പരിചയപ്പെടുത്തി. 'ഇദ്ദേഹത്തിന്റെ പേര് ശശിധരൻ. എടവനക്കാടാണ് വീട്. ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നു പേരിട്ടത്.'- മമ്മൂക്ക പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് എന്ന സാഹിത്യോത്സവവേദിയിലൂടെ അങ്ങനെ ലോകം മമ്മൂക്കയ്ക്ക് മമ്മൂട്ടിയെന്നു പേരിട്ടയാളെ കണ്ടു. ആ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ക്ലൈമാക്സ് ഓർത്തു (അവതാരകയും മമ്മൂക്കയുടെ പ്രസംഗത്തിനുശേഷം അതുതന്നെ പറഞ്ഞു).
കൊച്ചിക്കായലിനരികെയുള്ള വേദിയിൽ ഇന്ന് വൈകിട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താൻ മമ്മൂട്ടിയായ കഥ അദ്ദേഹം ഓർത്തെടുത്തു. മുഹമ്മദ് കുട്ടി എന്ന പേര് പറയാൻ മടിച്ച് ചോദിക്കുന്നവരോടൊക്കെ തന്റ പേര് ഒമർ ഷെരീഫ് എന്നു പറഞ്ഞുനടന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കൽ പോക്കറ്റിൽനിന്ന് ഐഡന്റിറ്റികാർഡ് താഴെ വീണു. പിന്നീടുള്ള സംഭവം മമ്മൂക്കയുടെ വാക്കുകളിൽ തന്നെ കുറിക്കുന്നു: 'ഐഡന്റിറ്റി കാർഡ് എടുത്തു നോക്കിയിട്ട് ഒരുത്തൻ ചോദിച്ചു, നിന്റെ പേര് ഒമറെന്നല്ലല്ലോ.. മമ്മൂട്ടിയെന്നല്ലേ എന്ന്... അന്നുമുതലാണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായത്... പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളിൽ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാൾ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു... ഒരു സർപ്രൈസ്.. നാലുപേര് കാൺകെ പരിചയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു...' ലോകത്തോളം വളർന്ന, താൻ ആദ്യമായി മമ്മൂട്ടിയെന്നു വിളിച്ചയാൾക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്നു. അപ്പോൾ കൊച്ചിയിലെ കായലും സായാഹ്നവും അതു കണ്ടുനിന്നു...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ