'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുന്നു; 'ദൃശ്യം 3' ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ

Published : Aug 27, 2022, 10:16 PM ISTUpdated : Aug 27, 2022, 10:22 PM IST
'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുന്നു; 'ദൃശ്യം 3' ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ

Synopsis

അടുത്തിടെ ഫാൻ മെയിഡ് പോസ്റ്ററും ദൃശ്യം 3 ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയിരുന്നു. 

ലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദൃശ്യം 3 വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. 

മഴവിൽ എന്റർടൈൻമെന്റ് അവാർഡിൽ വച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്‍റണിയുടെ പ്രഖ്യാപനം. റാമിന്‍റെ തിരക്ക് കാരണം ജീത്തു ജോസഫിന് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ് ഇപ്പോൾ. മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ഒരുങ്ങുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അടുത്തിടെ ഫാൻ മെയിഡ് പോസ്റ്ററും ദൃശ്യം 3 ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയിരുന്നു. 

ദൃശ്യം 3നെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞത്

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി