ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല, ഇതൊരു ഫാസിസ്റ്റ് സര്‍ക്കാര്‍: അനുരാഗ് കാശ്യപ്

By Web TeamFirst Published Dec 16, 2019, 12:25 PM IST
Highlights

'ഇത് ഒരുപാട് ദൂരം പോയിരിക്കുന്നു. നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ല. ഈ സര്‍ക്കാര്‍ തീര്‍ച്ഛയായും ഫാസിസ്റ്റ് ആണ്.'

പൗരത്വ ഭേദഗതി നിയമത്തിലും അതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയിലും പ്രതിഷേധമറിയിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്. ഇനിയും നിശബ്ദനായി തുടരാനാവില്ലെന്നും ഇത് തീര്‍ച്ഛയായും ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ആണെന്നും അനുരാഗ് ട്വീറ്റ് ചെയ്തു. ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിനെതിരേ മിക്കപ്പോഴും പ്രതികരിച്ചിരുന്ന അനുരാഗ് കാശ്യപ് വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കഴിഞ്ഞ ഓഗസ്റ്റ് പത്തിന് അദ്ദേഹം ട്വിറ്റര്‍ വിട്ടിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അദ്ദേഹം ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത്.

This has gone too far.. can’t stay silent any longer . This government is clearly fascist .. and it makes me angry to see voices that can actually make a difference stay quiet ..

— Anurag Kashyap (@anuragkashyap72)

'ഇത് ഒരുപാട് ദൂരം പോയിരിക്കുന്നു. നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ല. ഈ സര്‍ക്കാര്‍ തീര്‍ച്ഛയായും ഫാസിസ്റ്റ് ആണ്. യഥാര്‍ഥത്തില്‍ വ്യത്യാസങ്ങളുണ്ടാക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്നെ കോപാകുലനാക്കുന്നു', അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബോളിവുഡില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങള്‍ മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്. അസം സ്വദേശിയായ ബോളിവുഡ് ഗായകന്‍ പാപോണ്‍ അംഗരാഗ് ഈ വാരാന്ത്യത്തില്‍ ദില്ലിയില്‍ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കിയിരുന്നു. തന്റെ നാട് കത്തുമ്പോള്‍ എങ്ങനെയാണ് പാടുക എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പാപോണിന്റെ പ്രതികരണം. 

click me!