
ആരാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ (AR Rahman) സംഗീതവും. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച. പിന്നീട് റഹ്മാന്‍റെ മാസ്മരിക സംഗീതങ്ങളായിരുന്നു ജനങ്ങള്‍ കേട്ടത്. റഹ്മാനും ഭാര്യ സൈറ ബാനുവും 27ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഈ ദിനത്തില്‍ റഹ്മാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൈറയ്‌ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
ഒന്നിച്ചു ജീവിക്കുന്നതും കലയാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രണയവും മനസിലാക്കലും എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തുന്നത്. 1995 മാര്‍ച്ച് 12നാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളാണ്.
മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ കെ ശേഖറിന്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയിലാണ് എ ആർ റഹ്മാൻ ജനിച്ചത്. ദിലീപ് കുമാർ എന്നായിരുന്നു ആദ്യ പേര്. ചെറുപ്പം മുതലെ അച്ഛന്റെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ റഹ്‌മാൻ കീബോർഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒൻപതാം വയസ്സിൽ പിതാവ് മരിച്ചു. പഠന കാലത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വന്നു റഹ്മാന്. ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ശേഷം മറ്റൊരു സ്കൂളിൽ ചേർന്ന് റഹ്മാൻ പഠനം തുടർന്നു. ഈ കാലത്ത് ഇസ്ലാം മത വിശ്വാസം സ്വീകരിച്ച അദ്ദേഹം, ദിലീപ് കുമാറെന്ന പേര് റഹ്മാൻ എന്നാക്കി. അമ്മ കരീമാ ബീഗത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നു ഇതെന്ന് അദ്ദേഹം മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.
Read Also: AR Rahman Daughter Khatija : എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയാകുന്നു
മണിരത്നത്തിന്‍റെ ‘റോജ’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതോടെ റഹ്മാൻ സംഗീത ലോകത്ത് പകരക്കാരനില്ലാത്ത കലാകാരനായി മാറി. സിനിമാഗാനങ്ങൾ ഓർക്കസ്ട്രയുടെ താളങ്ങളിൽ മുങ്ങിപ്പോയ ഒരു കാലഘട്ടത്തിൽ സംഗീതപ്രേമികളുടെ ഹൃദയത്തിലേക്ക് ഒരു കുളിർമഴ സമ്മാനിച്ചായിരുന്നു റോജയിലെ ഗാനമെത്തിയത്. ഇതേ വർഷം തന്നെയാണ് റഹ്‌മാൻ മലയാളക്കരയെ ഒന്നടങ്കം യോദ്ധയിലെ പടകാളി എന്ന ഗാനത്തിലൂടെ ആവേശത്തിരയിൽ ആഴ്ത്തിയത്.
വിണൈത്താണ്ടി വരുവായ, രാവണൻ, എന്തിരൻ, ജബ് തക് ഹേയ് ജാൻ, കടൽ, ബിഗിൽ അങ്ങനെ അങ്ങനെ റഹ്‌മാൻ മാജിക്ക് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട് പിന്നെയും മുന്നോട്ട് പോകുന്നു. വർഷങ്ങൾക്ക് ശേഷം ഒരു മലയാള ചിത്രത്തിൽ റഹമാൻ സംഗീതം നൽകുന്നതിന്റെ ആവേശത്തിലാണ് കേരളക്കര. ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ്.