
അന്തരിച്ച പ്രമുഖ ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന് (KK) ആദരാഞ്ജലികളുമായി എ ആര്‍ റഹ്‍മാന്‍ (A R Rahman). ചുരുങ്ങിയ വാക്കുകളിലെങ്കിലും വികാരപൂര്‍ണ്ണമാണ് സോഷ്യല്‍ മീഡിയയില്‍ റഹ്‍മാന്‍ കുറിച്ച വാക്കുകള്‍. പ്രിയ കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ? താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതല്‍ സഹനീയമാക്കി മാറ്റുന്നത്, റഹ്‍മാന്‍ കുറിച്ചു.
പ്രിയ ഗായകന്‍റെ പൊടുന്നനെയുള്ള വിയോഗത്തെ ഞെട്ടലോടെയാണ് ഇന്ത്യന്‍ കലാലോകം സ്വീകരിച്ചത്. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ കെകെ ഇന്നലെ സംഗീതനിശ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹം ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. അതേസമയം കെകെയുടെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ ജനം തിങ്ങിനിറഞ്ഞിരുന്നുവെന്നും എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നുമൊക്കെ വിവരങ്ങള്‍ പുറത്തുവന്നു. സംഗീതനിശയ്ക്ക് ആസ്വാദകനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ ഗായകന്‍ പീറ്റര്‍ ഗോമസിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതാണ് പീറ്റര്‍ ഗോമസിന്‍റെ കുറിപ്പ്.
പീറ്റര്‍ ഗോമസിന്‍റെ കുറിപ്പ്
അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കെകെയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം പരിപാടിയുടെ സംഘാടകര്‍ക്കാണ്. അവസാന ലൈവ് ഷോയുടെ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എല്ലാം ഞാന്‍ അടുത്തുനിന്ന് കണ്ടതാണ്. അതിനാല്‍ സത്യമാണ് ഞാന്‍ പറയുന്നത്. ഒരു ചെറിയ ഹാളിന് ഉള്‍ക്കൊള്ളാവുന്നതിന്‍റെ നാലിരട്ടി ആളുകള്‍ അവിടെ കൂടിയിരുന്നു. ക്രമീകരണങ്ങളിലൊന്നും സംഘാടകര്‍ ശ്രദ്ധിച്ചിരുന്നില്ല. ഹാളിലെ എസി സംഘാടകര്‍ ഓഫ് ചെയ്‍തിരിക്കുകയായിരുന്നു. പരിപാടിയുടെ കാണികളായ ഞങ്ങള്‍ക്കുപോലും ചൂടും വിയര്‍പ്പും കാരണം അവിടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ : 'മിന്നല്‍ മുരളിയെ അവഗണിച്ചവരോട് പുച്ഛം', വിമര്‍ശനവുമായി കലാസംവിധായകൻ
പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നുമൊക്കെ പലതവണ കെകെ പറഞ്ഞു. വിയര്‍പ്പില്‍ കുതിര്‍ന്ന തന്‍റെ വസ്ത്രങ്ങള്‍ അദ്ദേഹം കാണികളെ ഉയര്‍ത്തി കാട്ടിയിരുന്നു. ടവല്‍ കൊണ്ട് വിയര്‍പ്പ് പലതവണ ഒപ്പി, ഒരുപാട് വെള്ളം കുടിച്ചു അദ്ദേഹം. ഒരു ഘട്ടത്തില്‍ ആകെ അസ്വസ്ഥനായ അദ്ദേഹം ചൂട് സഹിക്കാനാവാതെ സ്റ്റേജിലെ ബാക്ക്ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
പക്ഷേ ഈ സമയത്തൊക്കെ സംഘാടകര്‍ എന്ത് ചെയ്യുകയായിരുന്നു? ഒന്നും ചെയ്‍തില്ല! സ്റ്റേജിന്‍റെ രണ്ട് വശങ്ങളിലുമായി 50- 60 ആളുകളാണ് നിന്നിരുന്നത്. അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലം പോലും ഉണ്ടായിരുന്നില്ല. വായു സഞ്ചാരത്തിനു വേണ്ട പോലും സ്ഥലം ഉണ്ടായിരുന്നില്ല.
ALSO READ : നടി ഷംന കാസിം വിവാഹിതയാവുന്നു; വരന്‍ ഷാനിദ് ആസിഫ് അലി
എന്നാല്‍ ഈ അവസ്ഥയില്‍ പോലും അദ്ദേഹം പാടി, ആടി, പെര്‍ഫോം ചെയ്‍തു. ആ കടുത്ത ചൂടത്ത് ഞങ്ങള്‍ക്ക് കസേരയില്‍ ഇരിക്കാന്‍ പോലും ആവുമായിരുന്നില്ല. ഷോ അവസാനിക്കുന്നതിനു മുന്‍പാണ് അദ്ദേഹം അവശനായി കാണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്‍തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ