
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് അക്കാരണം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എപ്പോഴുമുള്ള ചിത്രം എന്ന് തിയറ്ററുകളില്‍ എത്തും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ എത്തിയിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ കലാസംവിധായകനായ സന്തോഷ് രാമന്‍ ഇപ്പോള്‍ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ക്ലബ്ബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു. ചിത്രം എന്ന് കാണാനാവുമെന്ന അവതാരകയുടെ ചോദ്യത്തിന് സന്തോഷ് രാമന്‍റെ മറുപടി ഇങ്ങനെ- ഈ ഓണത്തിന് കാണാമെന്നാണ് പ്രതീക്ഷ. അങ്ങനെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍.
ALSO READ : ബിബിസി ടോപ്പ്ഗിയറിന്‍റെ 'പെട്രോള്‍ഹെഡ്' പുരസ്‍കാരം ദുല്‍ഖറിന്