'ഓഫറുകൾ ഇല്ലാതാക്കുമ്പോഴുള്ള പ്രശ്‍നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്', പ്രതികരണവുമായി നടി അര്‍ഥന ബിനു

By Web TeamFirst Published Jul 26, 2021, 5:02 PM IST
Highlights

വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് വീഡിയോയുമായി 'മുദ്ദുഗൗ' ഫെയിം അര്‍ഥന ബിനു.

മുദ്ദുഗൗ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായ നടിയാണ് അര്‍ഥന ബിനു. തനിക്ക് എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ഥന ബിനു.  മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകളുമാണ് വരുന്നത്. സിനിമാ ഇൻഡസ്‍ട്രിയിൽ ആരുടെ പേരിയും അറിയപ്പെടാൻ താൽപര്യമില്ലെന്നും അര്‍ഥന ബിനു ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arthana Binu (@arthana_binu)

പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്.  പലതിലും എന്റെ പേര് പോലും ശരിയായി അല്ല.  ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്.  എന്റെ പേര് അർഥന ബിനു എന്നാണ്. അതിനർഥം എന്റെ പേര് ബിനു എന്നാണെന്നല്ല.  അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല എന്നും അര്‍ഥന ബിനു പറയുന്നു.

വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്‍പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന,  ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്.  തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് ഞാൻ വിജയകുമാറിന്റെ മകൾ അല്ല എന്നാണ്.  ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല.  എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്‍പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്.  അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല.  ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.  ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്‍ട്രിയിൽ വന്നത് എന്നും അര്‍ഥന ബിനു പറയുന്നു.

സ്‍കൂള്‍ കാലം മുതലേ മുതൽ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്‍തിട്ടുണ്ട്. ചെറിയ റോൾ മുതൽ ചെയ്‍താണ് ഞാൻ കടന്നു വന്നത്.  പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തിൽ ഞാൻ ഏറ്റവും പുറകിൽ ഒരു ബാഗ് പിടിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. ഒരു തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അതിനു ശേഷമാണ് മലയാളത്തില്‍ എത്തിയത്.  എന്നെ ഇമോഷനലി തകർത്ത് എന്റെ പ്രൊഫഷനൽ ജീവിതത്തിൽ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെക്കുറിച്ച് ആളുകള്‍ക്ക് ഇത്തരത്തിൽ മോശമായി പറയുവാൻ ഒരു അവകാശവുമില്ല.  വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്.  ഒരു സാമൂഹ്യ പ്രശ്‍നമാകണം, എങ്കില്‍ ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു വിചാരിക്കും. ഇത് വ്യക്തിപരമായ കാര്യമാണ്.   ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല. കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല.  പക്ഷേ സിനിമാമേഖലയിൽ നമുക്ക് ബന്ധമുള്ള ഒരാളുടെ മുന്നിലിട്ട് നമുക്ക് എതിരെ വര്‍ക്ക് ചെയ്യുമ്പോള്‍ ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോള്‍ ഉള്ള പ്രശ്‍നങ്ങള്‍ എന്താണെന്ന് അഭിമുഖീകരിച്ചിട്ടുള്ള  ഒരാളാണ് ഞാൻ.  എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് എന്നും അര്‍ഥന ബിനു പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!