Kaduva : 'കടുവ'യ്‍ക്കായുള്ള തയ്യാറെടുപ്പ് ഇങ്ങനെ, മസില്‍ പെരുപ്പിച്ച് പൃഥ്വിരാജ്

By Web TeamFirst Published Dec 4, 2021, 11:45 AM IST
Highlights

പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'കടുവ' സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്.

പൃഥ്വിരാജ് (Prithviraj) നായകനായ ചിത്രം 'കടുവ' (Kaduva) ഷൂട്ടിംഗ് പുരോഗിക്കുകയാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവ' എന്ന ചിത്രം പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. തന്റെ പുതിയ ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മസില്‍ പെരുപ്പിച്ചുള്ള തന്റെ ലുക്കില്‍ 'കടുവ'യാണ് എന്നു തോന്നുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആടുജീവിതത്തിനായി മേയ്‍ക്കോവര്‍ മാറുന്നത് വരെയെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. 

ഏപ്രില്‍ പകുതിയോടെ ഷൂട്ടിംഗ് തുടങ്ങിയ 'കടുവ' കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്‍ച ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്‍തു.  'എലോണ്‍' എന്ന മോഹൻലാല്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് 'കടുവ'യുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വില്ലനായി അടുത്തിടെ വിവേക് ഒബ്‍റോയ് ജോയിൻ ചെയ്‍തിരുന്നു. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്‍റെ സംവിധായകനും 'ലണ്ടന്‍ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.  പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓരോന്നും പങ്കുവയ്‍ക്കുന്നത്.

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ ഡിഐജിയായിട്ടാണ് അഭിനയിക്കുന്നത്.  ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആക്ഷൻ ത്രില്ലര്‍ ചിത്രമായ 'കടുവ' പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.

click me!