19 മാസവും മൂന്ന് ദിവസവും; പ്രതിസന്ധികൾക്കൊടുവിൽ മിന്നൽ മുരളിക്ക് പാക്കപ്പ്

By Web TeamFirst Published Jul 26, 2021, 9:03 AM IST
Highlights

'ഗോദ'യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നൽ മുരളി എന്ന ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ഫൈനൽ പാക്കപ്പ് ആയിരിക്കുകയാണ്. 

19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് ഇന്ന് അവസാനമായെന്ന് നിർമാതാവ് കെവിൻ പോൾ കുറിക്കുന്നു. 2019 ഡിസംബർ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്‌ഡൗൺ ആയതോടെ ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോകുക ആയിരുന്നു.

ഇതിനിടയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗിനെതിരെ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ആദ്യം ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. എന്നാൽ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, പൊലീസ് സംരക്ഷണയിൽചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. 

'ഗോദ'യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!