
മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കുന്ന ചിത്രം എന്നത് മാത്രമായിരുന്നു ബാലന്‍ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകം. മഞ്ഞുമ്മലിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ സംവിധായകന് അടുത്ത ചിത്രത്തിനായി ശ്രമിച്ചാല്‍ ഏത് താരത്തിന്‍റെയും ഡേറ്റ് ലഭിച്ചേനെ. ഒപ്പം എത്ര വലിയ കാന്‍വാസിലും അയാള്‍ക്ക് അടുത്ത പ്രോജക്റ്റ് ഒരുക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ തന്‍റെ സ്റ്റോറി ടെല്ലിംഗ് മികവില്‍ വിശ്വസിച്ച് ഒരു ചെറിയ ചിത്രം ഒരുക്കുകയായിരുന്നു ചിദംബരം. കാനില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ട്രെയ്ലര്‍ എന്നലെയാണ് എത്തിയത്. ഇതോടെ സിനിമാപ്രേമികള്‍ക്കിടയില്‍ നിലവിലെ ഏറ്റവും വലിയ ചര്‍ച്ചയും ഈ ചിത്രം തന്നെ.
വന്‍ പ്രതികരണമാണ് പ്രേക്ഷകസമൂഹത്തില്‍ നിന്ന് ട്രെയ്‍ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോയും സംവിധായകന്‍ ഗിരീഷ് എ ഡിയുമൊക്കെ മിന്നിമാഞ്ഞ് പോകുന്ന ട്രെയ്‍ലറില്‍ എല്ലാവരും അന്വേഷിക്കുന്നത് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആരെന്നതാണ്. ബാലന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്നത് ആദിശേഷന്‍ എന്ന ബാലതാരമാണ്. ബാലന്‍റെ അമ്മയായി ട്രെയ്‍ലറില്‍ ഞെട്ടിച്ചിരിക്കുന്ന പുതുമുഖം ആരെന്നതാണ് കമന്‍റ് ബോക്സുകളിലെ പ്രധാന ചോദ്യം. ഫര്‍സാന പാലത്തിങ്കല്‍ എന്ന നടിയാണ് അത്. മലയാളികളെ സംബന്ധിച്ച് ഇതുവരെ കാണാത്ത മുഖമാണെങ്കിലും അഭിനയത്തെ ഏറെ സീരിയസ് ആയി കാണുന്ന, തിയറ്റര്‍ പശ്ചാത്തലമുള്ള കലാകാരിയാണ് ഫര്‍സാന.
കലയില്‍ മാത്രം ഒതുങ്ങുന്നതല്ല ഫര്‍സാനയുടെ പ്രവര്‍ത്തന മേഖലകള്‍. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം മോഡലും പീഡിയാട്രിക് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുമാണ് ഇവര്‍. ഒപ്പം അഭിനയം പോലെ കവിതകളോടും ഏറെ ഇഷ്ടം സൂക്ഷിക്കുന്നയാളും. മലയാളി ആണെങ്കിലും ദുബൈയിലാണ് പഠിച്ചതും വളര്‍ന്നതും. ദുബൈയില്‍ ആയിരുന്നു സ്കൂളിംഗ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ ബിരുദം. ബിരുദ പഠനകാലത്ത് നാടക പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. 2015 ല്‍ ഫെമിന മിസ് ഇന്ത്യയുടെ ക്യാമ്പസ് പ്രിന്‍സസ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഗോള ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഫര്‍സാന.
ബോളിവുഡ് സംവിധായകന്‍ അനുരാഗ് ബസുവിന്‍റെ മെട്രോ ഇന്‍ ഡിനൊ, ഐജെ ഇന്‍സ്പെക്ടര്‍ ജംഷീദ് എന്നീ ചിത്രങ്ങളിലും പ്ലഗ് എന്ന ടിവി സിരീസിലും അഭിനയിച്ചിട്ടുണ്ട് ഫര്‍സാന പാലത്തിങ്കല്‍. ചില ശ്രദ്ധേയ മ്യൂസിക് വീഡിയോകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബാലനിലേത് അവര്‍ക്ക് ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള കരിയര്‍ ബ്രേക്ക് സിനിമാ അഭിനയ രംഗത്ത് നേടിക്കൊടുക്കാന്‍ ഉതകുന്ന ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. കന്നഡത്തില്‍ നിന്നുള്ള പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആവേശവും രോമാഞ്ചവും ഒരുക്കിയ ജിത്തു മാധവനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ