
ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ബാഹുബലിക്കുള്ള സ്ഥാനം മറ്റൊരു സിനിമയ്ക്കുമില്ല. ഉത്തര, ദക്ഷിണ ഭേദമില്ലാതെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന സിനിമ സാധ്യമാണെന്ന് രാജമൗലിയോളം തെളിയിച്ച മറ്റൊരാള്‍ അതിന് മുന്‍പ് ഉണ്ടാവില്ല. അത്രയ്ക്കായിരുന്നു 2015 ല്‍ പുറത്തെത്തിയ ബാഹുബലി: ദി ബിഗിനിംഗും 2017 ല്‍ പുറത്തെത്തിയ ബാഹുബലി: ദി കണ്‍ക്ലൂഷനും ഇന്ത്യന്‍ പ്രേക്ഷകരില്‍ സൃഷ്ടിച്ച സ്വാധീനം. പാന്‍-ഇന്ത്യന്‍ എന്ന പ്രയോഗം സിനിമാ മേഖലയില്‍ പ്രചാരം നേടിയതും ബാഹുബലിക്ക് ശേഷമാണ്. ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ നാഴികക്കല്ലായി മാറിയ ഫ്രാഞ്ചൈസി ഇപ്പോഴിതാ ഒരു റീ റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇത് ഒരു സാധാരണ റീ റിലീസ് അല്ല എന്ന് മാത്രം.
റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ഇന്നൊരു പുതുമയല്ല. എന്നാല്‍ റീ റിലീസിലും പുതുമ ചമയ്ക്കുകയാണ് എസ് എസ് രാജമൗലി. ബാഹുബലി രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായാവും തിയറ്ററുകളില്‍ എത്തുക. അതായത് നമ്മളാരും ഇതുവരെ കാണാത്ത ഒരു എഡിറ്റ്. ബാഹുബലി: ദി എപിക് എന്നായിരിക്കും ഈ ചിത്രത്തിന്‍റെ പേര്. രണ്ട് ഭാഗങ്ങളിലെയും രംഗങ്ങള്‍ കൂടാതെ ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചില രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില രംഗങ്ങളില്‍ റെസ്റ്റൊറേഷന്‍ നടത്തിയിട്ടുണ്ടെന്നും സൗണ്ട് ഡിസൈനിംഗില്‍ അപ്ഡേഷന്‍ നടത്തിയിട്ടുണ്ടെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹുബലി ആദ്യ ഭാഗം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായുള്ള റിലീസ് ആണ് ഇത്.
ഒറിജിനല്‍ ചിത്രങ്ങളുടെ സത്ത നഷ്ടമാവാതെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇമ്മേഴ്സീവ് ആയ സിനിമാറ്റിക് അനുഭവം പകരുകയാണ് രാജമൗലിയുടെ സംഘത്തിന്‍റെയും ലക്ഷ്യം. റീ റിലീസിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് രാജമൗലി. ഒക്ടോബര്‍ 31 ആണ് ബാഹുബലി: ദി എപിക്കിന്‍റെ റിലീസ്. സാധാരണ ഫോര്‍മാറ്റിനൊപ്പം ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് തുടങ്ങിയ പ്രീമിയം ഫോര്‍മാറ്റുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ ആയിരിക്കും റിലീസ്. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്‍റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആണ് രാജമൗലിയുടെ മുന്നില്‍ ഉള്ളത്. ചെയ്യുന്നത് രാജമൗലി ആയതിനാല്‍ പുതിയ പതിപ്പും അത്ഭുതം സൃഷ്ടിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ആദ്യ റിലീസില്‍ രണ്ട് ഭാഗങ്ങളും കൂടി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 2460 കോടിയോളമാണ്. പുതിയ പതിപ്പ് എത്രത്തോളം കളക്റ്റ് ചെയ്യുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ വ്യവസായം.