
മലയാള സിനിമയുടെ ആക്ഷൻ ഹീറോ അത് ബാബു ആന്റണിയാണ്. തൊണ്ണൂറുകളിൽ ജനിച്ചവരുടെ ചൈൽഡ്ഹുഡ് മനോഹരമാക്കാൻ ബാബു ആന്റണി ചെയ്ത കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളികൾക്ക് അത്രയധികം പരിചയമില്ലാത്ത ആക്ഷൻ രംഗങ്ങൾ സ്‌ക്രീനിൽ കൊണ്ടുവന്ന് കൈയ്യടി നേടിയ അഭിനേതാവ്. ഇപ്പോളിതാ താൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരു ആക്ഷൻ സിനിമയിലോ ആക്ഷൻ സീനിലോ ഇതുവരെയും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പണ്ട് ഒട്ടും സേഫ്റ്റിയില്ലാതെയാണ് സിനിമകളിലെ ആക്ഷൻ രംഗങ്ങൾ ചെയ്തതെന്നും ബാബു ആന്റണി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറയുന്നു.
'ആക്ഷൻ സീനുകളിൽ എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്നവർക്ക് ഒന്നും സംഭവിക്കരുതെന്ന് നോക്കി ചെയ്യുന്ന ഒരാളാണ് ഞാൻ. റിയൽ ഫൈറ്റിലെല്ലാം മത്സരിച്ചത് കൊണ്ട് എനിക്കിപ്പോൾ ഒന്നോ രണ്ടോ കിട്ടിയാലും എന്നെ അത് ബാധിക്കില്ല. മാർഷ്യൽ ആർട്സ് പരിശീലിച്ചത് കൊണ്ട് ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ ശരീരത്ത് സ്പർശിക്കാതെ ആക്ഷൻ സീനുകളിൽ അഭിനയിക്കാൻ കഴിയും. നമുക്ക് കൃത്യമായി കൈയും കാലുമെല്ലാം എവിടെവരെ പോകുമെന്ന് വ്യക്തമായി അറിയാൻ സാധിക്കും. മൂന്നാം മുറയിൽ ലാലിനൊപ്പം അഭിനയിക്കുമ്പോൾ എന്നെ ഗ്ലാസ്സിലിട്ട് അടിക്കുന്ന സീനുണ്ട്. അങ്ങനെ കൈയും കാലുമെല്ലാം മുറിഞ്ഞിട്ടുണ്ട്. അന്നെല്ലാം അടികൊണ്ട് വീഴാൻ ഒരു കട്ടിയുള്ള ബെഡാണ് ഉണ്ടാകുക. അതിലേക്ക് വീണാൽ തന്നെ നടുവൊടിയും. എന്റെ സിനിമകളിൽ ഒരിക്കലും രക്ത കറകൾ ഉണ്ടാവരുത്, സ്ത്രീകളെ ഉപദ്രവിക്കുന്ന ഉപദ്രവിക്കുന്ന രംഗങ്ങൾ ഉണ്ടാവരുതെന്നും മത മൈത്രിയോടെയുള്ള സംഭാഷണങ്ങൾ ആയിരിക്കണമെന്നും അശ്ളീല പദപ്രയോഗങ്ങൾ ഉണ്ടാവരുതെന്നും എനിക്ക് നിർബന്ധമുള്ള ഒന്നായിരുന്നു .അതുകൊണ്ടാണ് എന്റെ ആക്ഷൻ രംഗങ്ങളെ ഇപ്പോഴും പ്രേക്ഷകർ സ്നേഹിക്കുന്നതും.' - ബാബു ആന്റണിയുടെ വാക്കുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ