
തൊണ്ണൂറുകളുടെ മധ്യത്തിൽ ഒരുപക്ഷെ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ, പ്രത്യേകിച്ച് അന്നത്തെ യുവാക്കളുടെ മനസ്സിൽ ഈ മനുഷ്യൻ നേടിയത്ര സ്വാധീനം വേറെയൊരാളും നേടിയിട്ടുണ്ടാകില്ല. പറയുന്നത് ബാബു ആന്റണിയെ കുറിച്ചാണ്. ആക്ഷൻ കിങ് എന്ന അദ്ദേഹം നേടിയെടുത്ത പദവിക്ക് നാളിതുവരെ ആരും വെല്ലുവിളി ഉയർത്തിയിട്ടില്ല. എന്നാൽ കാലക്രമത്തിൽ ആക്ഷൻ സിനിമകളും വേഷങ്ങളും കുറഞ്ഞപ്പോൾ ബാബു ആന്റണി സിനിമകളിൽ നിന്നു പിൻവലിഞ്ഞു നിന്നു. ഏറെ നാളുകൾക്ക് ശേഷം അദ്ദേഹം അഭിനയിച്ച ചിത്രം 'മദനോത്സവം' വിഷു റീലീസായി തീയേറ്ററുകളിൽ എത്തിയി ഓളങ്ങൾ ഉയർത്തുകയാണ്.
സിനിമയിലെ പതിവ് കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്‍തമായി കോമിക്ക്/ കാരിക്കേചർ ടച്ച് ഉള്ള 'മദനൻ മഞ്ഞക്കാരൻ' എന്ന ഒരു കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാസ്യ രംഗങ്ങളിലടക്കം അദ്ദേഹം പുലർത്തിയ കൈയടക്കത്തിനെ പ്രശംസിക്കുകയാണ് പ്രേക്ഷകലോകമിപ്പോൾ. മലയാള സിനിമ വളരെ പരിമിതമായി മാത്രം ഉപയോഗപ്പെടുത്തിയ ബാബു ആന്റണിയുടെ അഭിനയ മികവ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സ്വാഭാവിക നർമ്മ രംഗങ്ങൾ കൊണ്ട് സമ്പന്നമായ 'മദനോത്സവം' താരത്തിന്റെ അഭിനയ ജീവിതത്തിലൊരു നാഴികകല്ലാകുമെന്നുള്ളത് തീര്‍ച്ചയാണ്.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷു റിലീസ് ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച അഭിപ്രായം നേടിയ 'മദനോത്സവം' ഒരു ക്ലീൻ ഫാമിലി എന്റർടെയ്‍നറാണ്. അജിത് വിനായക ഫിലിംസാണ് നിര്‍മാണം. നവാഗതനായ സുധീഷ് മോഹൻ സംവിധാനം ചെയ്‍തിരിക്കുന്നു.
രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്‍ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്‍നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍ ആണ്.
Read More: 'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്‍തു