മലയാള സിനിമയുടെ ഓൾറൗണ്ടർ; ബാലചന്ദ്ര മേനോന്റെ അരനൂറ്റാണ്ട്

Published : Nov 29, 2025, 10:18 AM IST
Balachandra menon

Synopsis

നടൻ, സംവിധായകൻ, എഡിറ്റർ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന അദ്ദേഹം, ശോഭന, പാർവതി ഉൾപ്പെടെ നിരവധി നടിമാരെ സിനിമയ്ക്ക് സമ്മാനിച്ചു.

ലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത, മോളിവുഡിന്റെ ബ​ഹുമുഖ പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. നടൻ, സംവിധായകൻ, എഡിറ്റർ, സം​ഗീത സംവിധായകൻ തുടങ്ങി അ​ദ്ദേഹം ചെയ്യാത്ത വേഷങ്ങൾ സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. അതുതന്നെയാണ് മലയാള സിനിമയുടെ ഓൾറൗണ്ടർ എന്ന് ബാലചന്ദ്ര മേനോനെ വിശേഷിപ്പിക്കാൻ കാരണവും. ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. അത്തരം സിനിമകളിൽ ബാലചന്ദ്ര മേനോൻ ആടിത്തിമിർത്ത വേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെ. ഹിറ്റും സൂപ്പർഹിറ്റുമെല്ലാം സമ്മാനിച്ച് മലയാള സിനിമയിൽ വിളങ്ങിയ നടന്റെ സിനിമാ ജീവിതത്തിന് അരനൂറ്റാണ്ട് തികയുകയാണ്.

1954 ജനുവരി 11ന് ആയിരുന്നു ബാലചന്ദ്ര മേനോന്‍റെ ജനനം. സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്ത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയത്തിന് തുടക്കമിട്ടു. സിനിമയിൽ എത്തണമെന്നായിരുന്നു ഏക ആ​ഗ്രഹം. ആ ആ​ഗ്രഹം ബാലചന്ദ്ര മേനോനെ കൊണ്ടെത്തിച്ചത് പത്രപ്രവർത്തനത്തിലേക്ക്. 1978ൽ ആണ് അദ്ദേഹം ആദ്യ സിനിമയായ ഉത്രാടരാത്രി സംവിധാനം ചെയ്യുന്നത്. ചിത്രം വിജയമായതിന് പിന്നാലെ ഒട്ടനവധി കുടുംബചിത്രങ്ങൾ ബാലചന്ദ്ര മേനോൻ എന്ന സിനിമാക്കാരനിൽ നിന്നും മലയാളികൾക്ക് ലഭിച്ചു. തലയിൽ കെട്ടുമായി സ്ക്രീനിൽ തിളങ്ങിയ അദ്ദേഹത്തിന്റെ മുഖം കുടുംബ സദസ്സുകളിൽ സുപരിചിതമായി.

സിനിമ ചെയ്യുന്നതിനൊപ്പം പ്രമുഖരായ പല നടിമാരെയും മലയാളികൾക്ക് സമ്മാനിച്ചത് ബാലചന്ദ്ര മേനോനായിരുന്നു. ശോഭന, പാർവ്വതി, ലിസി, കാർത്തിക, ഉഷ എന്നിവർ ഉദാഹരണം മാത്രം. പൈങ്കിളി കഥ എന്ന ചിത്രത്തിലൂടെ ആദ്യമായി പിന്നണി ​ഗായകനുമായി ആദ്ദേ​ഹം. ശേഷം സം​ഗീത സംവിധായകനായും എഡിറ്ററായും രം​ഗപ്രവേശനം. വി & വി എന്ന ബാനറിൽ സിനിമകൾ നിർമിച്ചു. ഋതുഭേദം എന്ന സിനിമയിലാണ് സ്വന്തം സംവിധാനത്തിലല്ലാതെ ബാലചന്ദ്ര മേനോൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1997ൽ സമാന്തരങ്ങൾ എന്ന പടത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടി. സ്വന്തം സംവിധാനമായിരുന്നു ഈ പടം. ഒടുവിൽ പത്മശ്രീ നൽകിയും രാജ്യം ബാലചന്ദ്ര മേനോനെ ആദരിച്ചു.

അരനൂറ്റാണ്ട് തികയുമ്പോൾ ബാലചന്ദ്ര മേനോന് പറയാനുള്ളത്..

50 വർഷങ്ങളെന്ന് പറയുമ്പോൾ എളുപ്പമാണ്. പക്ഷേ ഞാൻ സ്വപ്നത്തിൽ പോലും 50 താണ്ടാൻ പറ്റുമെന്ന് കരുതിയതല്ല. പത്രപ്രവർത്തകനായിട്ടാണ് ഞാനെന്റെ കരിയർ ആരംഭിച്ചത്. പക്ഷേ ആ രം​ഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വന്ന ആളല്ല ഞാൻ. സിനിമ സംവിധാനം ചെയ്യാൻ വേണ്ടി മാത്രം വന്നവനാണ്. അതിന് വേണ്ടിയുള്ളൊരു പ്രച്ഛന വേഷമായിരുന്നു പത്രപ്രവർത്തകൻ. കഥ, തിരക്കഥ, സംവിധാനം എന്നൊക്കെ പറയുന്നത് ഒരു ഉത്തരവാദിത്വമാണ്. അതെല്ലാം ചെയ്യണമെന്ന് വാശിയൊന്നും ഇല്ല. അങ്ങനെ ചെയ്താലെ എന്റെ സിനിമ നടക്കുള്ളൂ. പല ആൾക്കാരും കഥ പറഞ്ഞു പലരേയും കൊണ്ട് എഴുതിച്ചു. പക്ഷേ അതങ്ങോട്ട് ജെല്ലായില്ല. സിനിമകൾ ചെയ്യാൻ എനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല. അങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുണ്ടാകുമ്പോൾ ഞാൻ പണി നിർത്തും. ഒരു എഴുത്തുകാരന്റെ സ്വാനന്ത്ര്യം തന്നെയാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. തലയിൽ കെട്ടുംകെട്ടി വേദിയിൽ കയറിയിരിക്കാൻ മലയാളി അനുവദിച്ചിട്ടുണ്ടെങ്കിൽ, അവന്റെ മുൻപിൽ ഞാൻ ബഹുമാനപൂർവ്വം നിന്നെ പറ്റൂ.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം