
പുതുകാലത്തെ സിനിമകളുടെ ടൈറ്റിലുകളില്‍ വിമര്‍ശനവുമായി ബാലചന്ദ്ര മേനോന്‍. പഴയ സിനിമകളുടെയും പുതിയ സിനിമകളുടെയും പേരുകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരുപാട് നല്ല ടൈറ്റിലുകള്‍ കൊടുത്തിട്ടുള്ള ആളാണ്. ഇന്നത്തെ പല സിനിമകളുടെയും ടൈറ്റില്‍ കാണുമ്പോള്‍ എന്താണ് തോന്നാറ് എന്നായിരുന്നു ചോദ്യം. ഇതിന് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം ഇങ്ങനെ- “ചിരി വരും. ആശാന്‍, ശുക്രന്‍, ഭഭബ എന്നൊക്കെയാണ് പേരുകള്‍. പടം കാണുന്നവനെ ഭ ഭ എന്ന് ആട്ടിയാല്‍ എങ്ങനെ പടം ഓടും? ഇതൊക്കെ എന്തോന്നാ? എനിക്കറിയാന്‍ വയ്യ എന്താണ് ഉദ്ദേശ്യം എന്ന്”, ബാലചന്ദ്ര മേനോന്‍റെ പ്രതികരണം.
സമാന്തരങ്ങള്‍ സിനിമയിലൂടെ തനിക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്കാരങ്ങള്‍ അന്നത്തെ ജൂറിയില്‍ ഉണ്ടായിരുന്ന ഒരു മലയാളി ഇടപെട്ട് ഇല്ലാതാക്കിയെന്നും ഇതേ അഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍ ആരോപിക്കുന്നുണ്ട്. “സമാന്തരങ്ങള്‍ക്ക് ദേശീയ പുരസ്കാരം കിട്ടിയ വര്‍ഷത്തെ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു ജൂറി അംഗം പറഞ്ഞതാണ്. ആ വര്‍ഷം വിധിനിര്‍ണയം നടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം സമാന്തരങ്ങള്‍ ആയിരുന്നു. ഏറ്റവും നല്ല നടന്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരുന്നു. ഏറ്റവും നല്ല സംവിധായകനും ബാലചന്ദ്ര മേനോന്‍ ആയിരുന്നു. അങ്ങനെ ആവണം എന്ന ഒരു ഘട്ടം വന്നപ്പോള്‍ കേരളത്തില്‍ നിന്നു തന്നെ വന്ന ഒരു ജൂറി അംഗം അതിനെ എതിര്‍ത്തു. ചിത്രത്തിന് ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ ഒക്കെയുണ്ട്. അതുകൊണ്ട് അങ്ങനെ കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് അവാര്‍ഡുകള്‍ ഇങ്ങനെ ആയത്. ആദ്യമുള്ളത് അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസമായിട്ട് നമ്മള്‍ വന്നേനെ. അങ്ങനെ ഒരു ഉപകാരം ഒരു മലയാളിയെക്കൊണ്ട് ഉണ്ടായി. അദ്ദേഹം ഇപ്പോള്‍ മരിച്ചുപോയി. അതുകൊണ്ട് പേര് പറഞ്ഞിട്ട് കാര്യമില്ല”, ബാലചന്ദ്ര മേനോന്‍ പറയുന്നു.
1997 ലെ ദേശീയ പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരം ബാലചന്ദ്ര മേനോന് ലഭിച്ചിരുന്നു. ഒപ്പം മികച്ച കുടുബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരം സമാന്തരങ്ങള്‍ക്കും ലഭിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ