
സിനിമാ ഓര്‍മ്മകളിലൂടെ ബാലചന്ദ്രമേനോന്‍ നടത്തുന്ന സഞ്ചാരമാണ് 'ഫില്‍മി ഫ്രൈഡെയ്‍സ്'. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹമത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഏറ്റവും പുതിയ എപ്പിസോഡ് അന്തരിച്ച നടി ഉഷ റാണിയെക്കുറിച്ചുള്ളതായിരുന്നെന്ന് പറയുകയാണ് ബാലചന്ദ്രമേനോന്‍. അത് കാണാനുള്ള ആഗ്രഹം അവര്‍ ഫോണിലൂടെ പ്രകടിപ്പിച്ചിരുന്നുവെന്നും പറയുന്നു അദ്ദേഹം. ഉഷാറാണിയെക്കുറിച്ച് തനിക്കുള്ള ഓര്‍മ്മകളും പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോന്‍.
'എന്നാണ് സര്‍ എന്‍റെ കഥ യുട്യൂബില്‍ വരുകയെന്ന് ചോദിച്ചിരുന്നു'
മലയാളസിനിമാരംഗത്ത് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രമായിരുന്നു അന്തരിച്ച ഉഷാറാണി എന്ന് ഞാൻ നിസ്സംശയം പറയും. ബഹളക്കാരി, വഴക്കാളി എന്നീ വിശേഷണങ്ങളോടെയാണ് അവരുടെ പേര് പലയിടത്തും പരാമർശിച്ചു കേട്ടത്. പത്രപ്രവർത്തകൻ എന്ന നിലയിൽ ആദ്യത്തെ മീറ്റിംഗില്‍ തന്നെ ഞങ്ങൾ പിണങ്ങിപ്പിരിഞ്ഞു. ശിഷ്ടജീവിതം മുഴുവൻ വേണമെങ്കിൽ എന്നെ വെറുക്കാനുള്ള രീതിയിൽ ആണ് ഞാൻ അവരെപ്പറ്റി എഴുതിയത്. എന്നാൽ അതിനു കാരണം അവരുടെ അമ്മയായിരുന്നു എന്ന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാവാം എന്‍റെ സൗഹൃദം അവർ നഷ്ടപ്പെടുത്തിയില്ല, എന്നുമാത്രമല്ല ഞാനുമായി ഒരു നല്ല സൗഹൃദം മെനഞ്ഞെടുക്കുക കൂടി ചെയ്തു. അങ്ങനെ ഞങ്ങൾ എന്തു കാര്യവും തുറന്നുപറയുന്ന ചങ്ങാതികളായി. എപ്പോൾ കേരളത്തിൽ വന്നാലും ഒന്നു വിളിക്കും. അവരുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളൊക്കെ അറിയിക്കും. അമ്മയാണെ സത്യം, സമാന്തരങ്ങൾ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. അർഹതയ്ക്കൊത്ത അംഗീകാരം തനിക്കു കിട്ടിയില്ല എന്ന പരാതിയായിരുന്നു എന്നും ഉഷയ്ക്ക്. മൂന്നു മുഖ്യമന്ത്രിമാർക്കൊപ്പം അഭിനയിക്കാനുള്ള അപൂർവ്വ ഭാഗ്യം നേടിയ കലാകാരിയാണെന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. അങ്ങിനെയാണ് ഉഷയുടെ കാണാതെ പോയ ഒരു മുഖം എന്‍റെ "filmy Fridays"ൽ പരിചയപ്പെടുത്തണമെന്നു ഞാൻ തീരുമാനിച്ചത്. എന്നാൽ അടുത്ത ആഴ്ച അത് വരാനിരിക്കെ ഈ ആഴ്ച '"ചെന്നൈയിൽ നിന്ന് ഉഷയാണ് സാർ.. എന്നാണ് സാർ എന്‍റെ കഥ യൂട്യൂബിൽ വരുന്നത് ?", ഒടുവിൽ ഫോൺ ചെയ്തപ്പോഴും ചോദിച്ചതാണ്. പെട്ടന്നാണ് അറിയുന്നത് ഉഷ ഹോസ്പിറ്റലിൽ ആണെന്ന്. എപ്പിസോഡ് അമ്മയുമൊത്തു കാണാമെന്നുള്ള ആഗ്രഹം മകൻ വിഷ്‌ണു പങ്കിടുകയും ചെയ്തു. പക്ഷെ.. ഈ വെള്ളിയാഴ്ച (26.06.2020) വരുന്ന "filmy Fridays" ഉഷയെ കുറിച്ചുള്ള അനുസ്മരണമാകുമെന്നു ഞാൻ പ്രതീക്ഷിച്ചതല്ല. വിധി അങ്ങനെയാണ് എന്ന് പറഞ്ഞാൽ മതിയല്ലോ.. ഉഷയുടെ ആത്മാവിനു ഞാൻ നിത്യ ശാന്തി നേരുന്നു!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ