ലോക പ്രശസ്ത സംവിധായകൻ പാൻ നളിനൊപ്പം കാനിൽ 'ബാലൻ' ടീം; ചിദംബരം ചിത്രം കാൻ മാർക്കറ്റിങ് പ്രീമിയർ ഇന്ന്

Published : May 14, 2026, 02:51 PM IST
Chidambaram with Pan Nalin at Cannes film Festival

Synopsis

ജിത്തു മാധവൻ രചിച്ച ‘ബാലൻ- ദി ബോയ്’, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, അതിജീവനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമ 2026 ജൂൺ 19-ന് പാൻ-ഇന്ത്യൻ റിലീസായി ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന ചിത്രത്തിന്റെ കാൻ മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19 നു ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിംഗ് ആണ് കാനിൽ നടക്കുക. ഇപ്പോഴിതാ, കാനിലെ പ്രൊഡ്യൂസഴ്സ് ക്ലബിൽ വെച്ച് പ്രശസ്ത സംവിധായകൻ പാൻ നളിനുമായുള്ള, ചിദംബരം, ശൈലജ ദേശായി ഫെൻ എന്നിവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ സംവിധായകനായ പാൻ നളിൻ തന്റെ ഒരുപിടി ഗംഭീര ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ഫിലിം മേക്കറാണ്. സംസാര (2001) , വാലി ഓഫ് ഫ്ലവേഴ്സ് (2006), ആംഗ്രി ഇന്ത്യൻ ഗോഡെസസ്‌ (2015), സെമി-ഓട്ടോബയോഗ്രാഫിക്കൽ ചിത്രമായ ചെല്ലോ (2021) തുടങ്ങിയ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ നേടിയ സിനിമകൾ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'സംസാര', ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിം, എഎഫ്ഐ ഫെസ്റ്റിൽ ഗ്രാൻഡ് ജൂറി പ്രൈസ്-സ്പെഷ്യൽ മെൻഷൻ, സാന്റാ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി അവാർഡ്, 2002 ൽ മെൽബൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മോസ്റ്റ് പോപ്പുലർ ഫീച്ചർ ഫിലിം തുടങ്ങിയ അവാർഡുകൾ നേടി. അതിനുശേഷം ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് നിർമ്മിച്ച ഫിക്ഷൻ, നോൺ-ഫിക്ഷൻ ചിത്രങ്ങളുമായി പാൻ നളിൻ ലോകം മുഴുവൻ ശ്രദ്ധ നേടിയെടുത്തു. അദ്ദേഹത്തിന്റെ 'ചെല്ലോ ഷോ' എന്ന ചിത്രമായിരുന്നു 2023 ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി എന്നതും ശ്രദ്ധേയമാണ്. നൂതനവും വളരെ വ്യത്യസ്തവുമായ ദൃശ്യ- ശ്രവ്യ ഡിസൈനുകളിലൂടെ തന്റേതായ ഒരു ശൈലി ഫിലിം മേക്കിങ്ങിലും കഥ പറച്ചിലിലും സൃഷ്ടിച്ചെടുത്ത സംവിധായകൻ കൂടിയാണ് പാൻ നളിൻ.

കാൻ ഫിലിംസ് ഫെസ്റ്റിവലിൽ വെച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചതും, കുറച്ചു സമയം സംവദിക്കാൻ സാധിച്ചതും ബാലൻ ടീമിന് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന കുറച്ചു നിമിഷങ്ങളാണ് സമ്മാനിച്ചത്. ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലൻ ദി ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. ആകർഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ ഒരു കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ, ഐഡന്റിറ്റി, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനിൽക്കുന്ന ബന്ധം എന്നിവയുടെ തീമുകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ബാലൻ ദി ബോയ് വാഗ്ദാനം ചെയ്യുക. പാൻ നളിൻ ഉൾപ്പെടെയുള്ള, അന്താരാഷ്ട്ര സിനിമാ വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിൻ്റെ മുന്നിലാണ് കാൻസിലെ മാർക്കറ്റിങ് സ്‌ക്രീനിങ്ങിലൂടെ ചിത്രം എത്താനൊരുങ്ങുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ബാലൻ രചിച്ചിരിക്കുന്നത്.

മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം ജൂൺ 19 ന് പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, അത്രയും വേനയുണ്ട്'; കറുപ്പ് സ്ക്രീനിം​ഗ് നടന്നില്ല, പൊട്ടിക്കരഞ്ഞ് ആർജെ ബാലാജി
3-ാം വരവും റെക്കോർഡുകൾ തൂക്കുമോ? റിലീസിന് മുൻപ് നിർണായക കളക്ഷനുമായി ദൃശ്യം 3, പ്രീ സെയിൽ കണക്ക്