അപ്പോൾ ദൈവദൂതനെ പോലൊരാൾ അവതരിച്ചു, മമ്മൂട്ടി..; ഉള്ളംതൊട്ട് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്

Published : Sep 08, 2025, 02:36 PM IST
 mammootty

Synopsis

എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്നും കാതോലിക്കാ ബാവ.

ലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എഴുപത്തി നാലാം വയസിൽ എത്തി നിൽക്കുന്ന പ്രിയതാരത്തിന്റെ പിറന്നാൾ മലയാളികൾ ഒന്നടങ്കം ആഘോഷമാക്കി. ഒട്ടനവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ ഹൃദ്യമായ കുറിപ്പുകൾ പങ്കിട്ടത്. ഇന്നിതാ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മമ്മൂട്ടിയെ കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നായ 'പ്രിയ പ്രതിഭ' എന്ന പേരിലുള്ള കറിപൗഡർ നിർമ്മാണവും അതിന് ചില വെല്ലുവിളികൾ നേരിട്ടപ്പോൾ മമ്മൂട്ടി ദൈവ ദൂതനെ പോലെ വന്ന് സഹായിച്ചതും കാതോലിക്കാ ബാവ ഓർത്തെടുത്തു. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ വാക്കുകൾ ഇങ്ങനെ

പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവൻ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങൾ.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നാണ് 'പ്രിയ പ്രതിഭ' എന്ന പേരിലുള്ള കറിപൗഡർ നിർമ്മാണം. കച്ചവടമല്ല ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവർക്ക് സൗഖ്യം നൽകാനുമുള്ള ദൗത്യം. വിവിധ ശാരീരിക വൈകല്യങ്ങളാൽ മറ്റു ജോലികളൊന്നും ചെയ്യാൻ സാധിക്കാതെ സഭയ്ക്ക് കീഴിൽ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് കറിപൗഡർ നിർമാണത്തിന് സജ്ജമാക്കിയത്. അവരുടെ പുനരുത്ഥാനം കൂടിയായി മാറി അങ്ങനെ അത്. 2002-ൽ ചെറിയ തോതിലായിരുന്നു തുടക്കം. വില്പനയിൽ നിന്നുള്ള വരുമാനം ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർക്ക് മുതൽ കാൻസർ രോഗികൾക്കുവരെയായി മാറ്റിവയ്ക്കപ്പെട്ടു. കർഷകരിൽ നിന്ന് നേരിട്ട് സമാഹാരിക്കുന്ന ഉത്പന്നങ്ങളാണ് കറിപൗഡറുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. അങ്ങനെയത് അവർക്കും ഒരു തുണയായിരുന്നു. പക്ഷേ ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ് മഹാമാരി വന്നതോടെ ഈ സംരംഭം പ്രതിസന്ധിയിലായി. പക്ഷേ അപ്പോൾ ദൈവദൂതനെ പോലൊരാൾ അവതരിച്ചു. അത് മമ്മൂട്ടിയായിരുന്നു. കോട്ടയത്ത് കാൻസർരോഗികൾക്കുവേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് 'പ്രിയ പ്രതിഭ'യെക്കുറിച്ച് പറഞ്ഞു. നിറഞ്ഞ മനസ്സോടെ മമ്മൂട്ടി അതിന് കൂട്ടുവന്നു. അദ്ദേഹത്തെവച്ചുള്ള പരസ്യങ്ങൾക്കായി കോടികൾ ചെലവിടാൻ വലിയ കമ്പനികൾ തയ്യാറായി നിൽക്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയുള്ള പ്രചാരണദൗത്യം. മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭയെ'ക്കുറിച്ച് ലോകമറിഞ്ഞു,തളർച്ചമാറി ആ പ്രസ്ഥാനം വീണ്ടും തളിർത്തു. ഇന്ന് നാടെങ്ങും അതിന്റെ രുചി നിറയുമ്പോൾ കുറെയേറെ ജീവിതങ്ങൾ ചിരിക്കുന്നു,കുറെയേറെ വയറുകൾ നിറയുന്നു.

'അവൻ താണവരെ ഉയർത്തുന്നു,ദു:ഖിക്കുന്നവരെ രക്ഷയിലേക്ക് കയറ്റുന്നു'വെന്ന ബൈബിൾ വചനമാണ് ഈ വേളയിൽ ഓർമിക്കുന്നത്. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്. മലയാളത്തിന്റെ മഹാനടന് പ്രാർഥനാപൂർവം ജന്മദിനാശംസകൾ. ദൈവകൃപ എപ്പോഴും ജീവിതത്തിൽ നിറയട്ടെ.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ