ബേസിലിന്‍റെ സംവിധാനത്തില്‍ വരുമോ അല്ലു? വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് തെലുങ്ക് മാധ്യമങ്ങള്‍

Published : Jun 13, 2025, 01:11 PM IST
basil joseph is going to direct allu arjun says reports

Synopsis

ആറ്റ്‍ലിയുടെ സംവിധാനത്തിലാണ് അല്ലുവിന്‍റെ അടുത്ത ചിത്രം

കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ ബേസിലിനോളം കരിയര്‍ ​ഗ്രോത്ത് നേടിയ ഒരാള്‍ ഉണ്ടാവില്ല. മിന്നല്‍ മുരളിയിലൂടെ സംവിധായകനെന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ കൈയടി നേടിയ ബേസില്‍ നിലവില്‍ നടനെന്ന നിലയിലും അത് സാധിച്ചുകൊണ്ടിരിക്കുകയാണ്. നടനായെത്തിയ പൊന്‍മാന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒടിടിയിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. സംവിധായകനെന്ന നിലയില്‍ ബേസിലിന്‍റെ അപ്കമിം​ഗ് പ്രോജക്റ്റുകളായി പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിലൊന്ന് വീണ്ടും ശക്തമായിരിക്കുകയാണ്.

ബേസിലിന്‍റെ സംവിധാനത്തില്‍ സാക്ഷാല്‍ അല്ലു അര്‍ജുന്‍ നായകനായ ഒരു ചിത്രം വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അല്ലു അര്‍ജുന്‍റേതായി നിലവില്‍ പ്രൊഡക്ഷന്‍ നടക്കുന്ന ചിത്രം ആറ്റ്ലി സംവിധാനം ചെയ്യുന്ന ഒന്നാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. അദ്ദേഹത്തിന്‍റെ മറ്റൊരു അപ്കമിം​ഗ് പ്രോജക്റ്റിന്‍റെ സംവിധായകനായി പറഞ്ഞു കേട്ടിരുന്നത് ത്രിവിക്രം ശ്രീനിവാസിന്‍റെ പേരാണ്. എന്നാല്‍ ആ ചിത്രം നിലവില്‍ ജൂനിയര്‍ എന്‍ടിആറിലേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ്റ്ലി ചിത്രത്തിന് ശേഷമുള്ള ചിത്രത്തിലേക്കാണ് ബേസില്‍ ജോസഫ് പ്രോജക്റ്റ് പരി​ഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

​ഇത് യാഥാര്‍ഥ്യമാവുന്നപക്ഷം ​ഗീത ആര്‍ട്സ് ആവും നിര്‍മ്മിക്കുകയെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബേസില്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയതായി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധ നേടിയ ബേസിലിനൊപ്പം തങ്ങളുടെ പ്രിയ താരം എത്തുന്നത് കാണാനുള്ള താല്‍പര്യം അല്ലു അര്‍ജുന്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ അറിയിക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.

അതേസമയം അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്