
വിജയ്‍യുടെ (Vijay) ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് (Beast) വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്‍ലിം ലീഗും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഇസ്‍ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് മുസ്‍ലിം ലീഗിന്‍റെ ആവശ്യം ഉന്നയിച്ചത്. സംഘടനാ അധ്യക്ഷന്‍ വി എം എസ് മുസ്തഫ തമിഴ്നാട് ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് ഇതു സംബന്ധിച്ച് കത്തും നല്‍കിയിരുന്നു. ബീസ്റ്റ് പ്രദര്‍ശനത്തിന് എത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
ലോകമാകെ വന്‍ സ്ക്രീന്‍ കൗണ്ടോടെ എത്തുന്ന ചിത്രത്തിന്‍റെ കുവൈറ്റിലെ നിരോധനം ബോക്സ് ഓഫീസില്‍ കാര്യമായി പ്രതിഫലിക്കാന്‍ ഇടയില്ല. എന്നാല്‍ ഖത്തറിലെ നിരോധനം നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. കാരണം ജിസിസി എടുത്താല്‍ തമിഴ് ചിത്രങ്ങളുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റ് ആണ് ഖത്തര്‍. അതേസമയം ജിസിസിയിലെ മറ്റു മേഖലകളായ യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പിജി 15 സര്‍ട്ടിഫിക്കേഷനോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. 15 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്ന ചിത്രം എന്നതാണ് ഇത്. അതേസമയം ചിത്രത്തിന്‍റെ സൗദിയിലെ സെന്‍സറിംഗ് ഇന്ന് നടക്കും.
സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെയെത്തുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രമാണിത്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്. ചിത്രത്തിന്‍റെ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്ലോട്ടിനെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു ട്രെയ്‍ലര്‍. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ