
വില്ലനായി വിറപ്പിക്കുന്ന രാജൻ പി ദേവ് കോമഡി ചെയ്ത് രസിപ്പിച്ച ചുരുക്കം സിനിമകളിൽ ഒന്നായിരുന്നു 2007ൽ പുറത്തിറങ്ങിയ 'ഛോട്ടാ മുംബൈ'. ഭാവന അവതരിപ്പിക്കുന്ന ലതയുടെ അച്ഛൻ കഥാപാത്രമാണ് സിനിമയിൽ രാജൻ പി ദേവിൻ്റെ പാമ്പ് ചാക്കോ. പാമ്പ് ചാക്കോ VS തല പോലൊരു അമ്മായിയപ്പൻ-മരുമകൻ കോംബോ മലയാള സിനിമയിൽ തന്നെ വേറെയുണ്ടായിട്ടില്ല. ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുമ്പോൾ അദ്ദേഹത്തിന് കാഴ്ചയുണ്ടായിരുന്നില്ലെന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.
രാജൻ പി ദേവിൻ്റെ കാഴ്ച പ്രശ്നത്തെക്കുറിച്ച് സിനിമ ചിത്രീകരിക്കുമ്പോൾ അറിയാമായിരുന്നു. ഒരാൾ അടുത്ത് വന്നാൽ പോലും തിരിച്ചറിയാനാകാത്ത വിധത്തിൽ കാഴ്ച നഷ്ടമായി. അതു പുറത്തറിഞ്ഞാൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തുമോയെന്ന് രാജൻ പി ദേവ് ഭയപ്പെട്ടിരുന്നതായും ബെന്നി പി നായരമ്പലം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
'ഛോട്ടാ മുംബൈ ഷൂട്ടിങ് സമയത്ത് എന്നോട് രഹസ്യമായി ഇതേക്കുറിച്ച് രാജേട്ടൻ സംസാരിച്ചു. അടുത്ത് വന്നാലും ചിലരുടെയൊന്നും മുഖം മനസിലാകുന്നില്ല, ശബ്ദംകൊണ്ടാണ് തിരിച്ചറിയുന്നതെന്ന് പറഞ്ഞു. ഇത് പുറത്ത് പറഞ്ഞാൽ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്. നാടകത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ഡയലോഗുകൾ പഠിച്ച് പറയാനൊക്കെ പ്രത്യേക മിടുക്കാണ്. ഡയലോഗ് വായിച്ച് കൊടുക്കുമ്പോൾ തന്നെ അത് മനഃപാഠമാക്കും. ഷൂട്ടിങ് സമയത്ത് ഡയലോഗ് പറയാനും അഭിനയിക്കാനുമൊന്നും യാതൊരു പ്രശ്നവും ഉണ്ടായില്ല.
ബുദ്ധിമുട്ട് വന്നത് ഡബ്ബിങ് സമയത്താണ്. വിഷ്വൽ കണ്ടിട്ട് ലിപ്പ് കറക്ടായി കൊടുക്കണമല്ലോ.. സ്ക്രീനിൽ കാണുന്നതുമായി സിങ്ക് ആയില്ലെങ്കിൽ പ്രശ്നമാണ്. ഷൂട്ട് ചെയ്ത ഓഡിയോ കേട്ട് ആ മീറ്റർ പിടിച്ച് ഡബ്ബ് ചെയ്യാമെന്ന് പറഞ്ഞു. പാമ്പ് ചാക്കോയുടെ ഡയലോഗ് തുടങ്ങേണ്ടിടം വരുമ്പോൾ ഒന്ന് തോളത്ത് തട്ടിയേക്ക് എന്നു പറയും. സിങ്ക് വേണ്ടാത്ത സീനുകളിലും ഇതേപോലെ തോളത്ത് തട്ടി തുടങ്ങി വച്ചാൽ, പിന്നെ യാതൊരു പ്രശ്നവുമില്ലാതെ ആ മീറ്ററിൽ അദ്ദേഹം പറഞ്ഞു തീർക്കും. പരിചയ സമ്പന്നത കൊണ്ട് മുറിക്കേണ്ടിടത്ത് മുറിച്ചും നിർത്തിയും അദ്ദേഹമത് കൃത്യമായി പറയും. അങ്ങനെയൊരു അസാമാന്യ പ്രതിഭയായിരുന്നു രാജൻ പി ദേവ്,' ബെന്നി പി നായരമ്പലം പറഞ്ഞു.
വാസ്കോ ഡ ഗാമ എന്ന തല, മുള്ളൻ ചന്ദ്രപ്പൻ, പടക്കം ബഷീർ, തൊമ്മിച്ചൻ, സുശീലൻ, പാമ്പ് ചാക്കോ, ഫയൽവാൻ മൈക്കിൾ ആശാൻ, നടേശൻ, പറക്കും ലത അങ്ങനെ മീമിലും ട്രോളിലും കോമഡി-ഇമോഷ്ണൽ സീനുകളിലുമൊക്കെയായി കഴിഞ്ഞ 18 വർഷവും മലയാളി പ്രേക്ഷകരുടെ കണ്മുന്നിലുണ്ട് ഛോട്ടാ മുംബൈ. ഓരൊ കഥാപാത്രങ്ങൾക്കും രസമുള്ള ഇൻട്രോ സീനുകൾ നൽകി ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ അൻവർ റഷീദ് ഒരുക്കിയ ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് കളക്ഷനും നേടി. മണിയൻപിള്ള രാജുവായിരുന്നു ചിത്രത്തിൻ്റെ നിർമ്മാണം. മോഹൻലാലിൻ്റെ പിറന്നാൾ ദിനമായ മെയ് 21ന് ഛോട്ടാ മുംബൈ റീ റിലീസിനെത്തുന്നുണ്ട്.