നാടകീയം, ആവേശം, ബോളിവുഡ് താരങ്ങളെ തകര്‍ത്ത് ഭോജ്‍പുരി ഫൈനലില്‍

By Web TeamFirst Published Mar 24, 2023, 8:22 PM IST
Highlights

അവസാന ഓവറിലെ അവസാന പന്തില്‍ തകര്‍പ്പൻ സിക്സോടെയാണ് അസ്‍ഗര്‍ ഭോജ്‍പുരിയെ വിജയിപ്പിച്ചത്.

വസാന ഓവര്‍ വരെ നാടകീയത നിറഞ്ഞുനിന്ന സെമിഫൈനലില്‍ ബോളിവുഡിനെതിരെ ഭോജ്‍പുരി ദബാങ്‍സിന് ആറ് വിക്കറ്റിന്റെ തകര്‍പ്പൻ ജയം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഇതോടെ ഭോജ്‍പുരി ദബാങ്‍സ്. അവസാന ഓവറിലെ അവസാന പന്തില്‍ തകര്‍പ്പൻ സിക്സുള്‍പ്പടെ അര്‍ദ്ധ സെഞ്ച്വറി നേടിയ അസ്‍ഗര്‍ ഖാനാണ് ഭോജ്‍പുരി ദബാങ്‍സിന്റെ വിജയശില്‍പി. ഇന്ന് തെലുങ്ക് വാരിയേഴ്‍സും കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സും തമ്മില്‍ നടക്കുന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തിലെ വിജയിയായിരിക്കും നാളെ ഭോജ്‍പുരി ദബാങ്‍സിനെ ഫൈനലില്‍ നേരിടുക.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാൻ ഭോജ്‍പുരി ദബാങ്‍സിന് വേണ്ടിയിരുന്നത്. ഒമ്പത് പന്തുകളില്‍ നിന്ന് 12 റണ്‍സുമായി ഉദയ്‍യും 29 പന്തുകളില്‍ നിന്ന് 43 റണ്‍സുമായി അസ്‍ഗറുമായിരുന്നു ക്രീസില്‍. ശരദ് എറിഞ്ഞ ആദ്യ പന്തില്‍ അസ്‍ഗറിന് റണ്‍സൊന്നും എടുക്കാനായില്ല. രണ്ടാം പന്തില്‍ അസ്‍ഗര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അസ്‍ഗറിനെതിരെ റണ്‍ ഔട്ട് അപ്പീല്‍ ചെയ്‍തെങ്കിലും അവസാന തീരുമാനം ഔട്ട് അല്ലെന്നായിരുന്നു. മൂന്നാം പന്തില്‍ ശരദിനെ അസ്‍‍ഗര്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ ബൌണ്ടറി ലൈനരികെ ക്യാച്ചിന് അവസരം ഉണ്ടായിരുന്നെങ്കിലും മുംബൈ വിട്ടുകളഞ്ഞു. തൊട്ടടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സിന് ഓടിയെങ്കിലും ഉദയ് തിവാരി റണ്‍ ഔട്ടായി. ശരദിന്റെ അടുത്ത് പന്ത് വൈഡായിരുന്നു. ജയിക്കാൻ രണ്ട് പന്തില്‍ വേണ്ടത് ഒമ്പത് റണ്‍സ് മാത്രം. അസ്‍ഗര്‍ മനോഹരമായ ഒരു ബൌണ്ടറി നേടിയതോടെ ഒരു പന്തില്‍ ജയിക്കാൻ വേണ്ടത് അഞ്ച് റണ്‍സ്. ശരദിന്റെ ആറാം പന്ത് ഉയര്‍ത്തിയടിച്ച് ബൌണ്ടറി ലൈൻ കടത്തിയ അസ്‍‍ഗര്‍ വിജയത്തിലേക്ക് നയിക്കുമ്പോള്‍ ഭോജ്‍പുരി സംഘാംഗങ്ങള്‍ എല്ലാം ഗ്രൌണ്ടിലേക്ക് ഓടിയെത്തി. അസ്‍ഗറിനെ ചുമലിലേറ്റിയായിരുന്നു സുഹൃത്തുക്കള്‍ വിജയം ആഘോഷിച്ചത്. അസ്‍ഗര്‍ ഖാൻ 35 പന്തില്‍ നിന്ന് 58 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. ആദിത്യ ഓജ നാല് അൻഷുമാൻ സിംഗ് മൂന്ന്, പര്‍വേശ് യാദവ് അഞ്ച് ഉദയ് തിവാരി 12 എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‍സ്‍മാൻമാരുടെ സ്‍കോര്‍. മനോജ് തിവാരി പന്തൊന്നും നേരിട്ടില്ല.

മുംബൈ ഹീറോസിനെതിരെ ടോസ് നേടിയ ഭോജ്‍പുരി ദബാങ്‍സ് ആദ്യം ഫീല്‍ഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുംബൈ ഹീറോസ് ആദ്യ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 109 റണ്‍സ് എടുത്തു. സാമിര്‍ കൊച്ചാര്‍ 34ഉം അപൂര്‍വ 20ഉം ശരദ് കേല്‍ക്കര്‍ 18ഉം ഷബ്ബിര്‍ 10ഉം റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ഭോജ്‍പുരി ദബാങ്‍സിന് 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 80 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.  മനോജ് തിവാരി 19ഉം പര്‍വേശ് 21ഉം റണ്‍സ് എടുത്തപ്പോള്‍ മറ്റ് ബാറ്റ്‍സ്‍മാര്‍ക്ക് ആര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ഭോജ്‍പുരിക്കെതിരെ ഇരുപത്തിയൊമ്പത് റണ്‍സിന്റെ ലീഡുമായി മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് പക്ഷേ രണ്ടാം സ്‍പെല്ലില്‍ മികവ് കാട്ടാനായില്ല. 62 റണ്‍സിന് ബോളിവുഡ് താരങ്ങള്‍ 9.5 ഓവറില്‍ ഓള്‍ ഔട്ടായി. സിദ്ധാന്ത് ആണ് ബോളിവുഡ് ബാറ്റ്‍സ്‍മാൻമാരില്‍ ടോപ് സ്‍കോര്‍. സിദ്ധാന്ത് 15 റണ്‍സ് നേടിയപ്പോള്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‍സ്‍മാനായ അപൂര്‍വയുടെ സമ്പാദ്യം വെറും 13 റണ്‍സായിരുന്നു. ഉദയ് തിവാരി മൂന്നും വിക്രാന്ത് സിംഗ്, മനോജ് തിവാരി എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് എടുത്തു. അസ്‍ഗര്‍ ഖാനും പര്‍വേശ് ലാലും ഓരോ വിക്കറ്റ് വീതവും നേടി. 91 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിട്ടായിരുന്നു ഭോജ്‍പുരി ദബാങ്‍സ് മറുപടി ബാറ്റിംഗിനിറങ്ങിയത്.

Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

click me!