'നിങ്ങളുടെ തൊഴില്‍ നിങ്ങളുടെ തീരുമാനമാണ്'; അഭിനയം ഉപേക്ഷിച്ച സൈറയെ പിന്തുണച്ച് നഫീസ അലി

By Web TeamFirst Published Jul 4, 2019, 8:06 PM IST
Highlights

അര്‍ബുധരോഗ ബാധയില്‍ നിന്ന് മോചിതയായ താരം തനിക്ക് ഇന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

മുംബൈ: ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നഫീസ അലിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ഒരു മുതിര്‍ന്ന നടി എന്ന നിലയ്ക്കൊത്ത ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കൂ എന്ന ഉറച്ച തീരുമാനം അറിയിച്ചതാണ് കുറിപ്പിലൊന്ന്. 

അര്‍ബുധരോഗ ബാധയില്‍ നിന്ന് മോചിതയായ താരം തനിക്ക് ഇന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ''മുതിര്‍ന്ന നടിയെന്ന നിലയില്‍ ശക്തമായ കഥാപാത്രത്തിനായാണ് കാത്തിരിക്കുന്നത്. എന്‍റെ വികാരങ്ങളെ അവതരിപ്പിക്കാനായി എനിക്ക് ജോലി ചെയ്യണം. ഞാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഓരോ മനുഷ്യനും ദൈവം തങ്ങളുടെ സ്വപ്നം പിന്തുടരാനുള്ള കരുത്ത് നല്‍കിയിട്ടുണ്ട്... '' - നഫീസ അലി പറഞ്ഞു. 

ജുനൂന്‍, മേജര്‍ സാബ്, ഗുസാരിഷ് എന്നീ ചിത്രങ്ങളില്‍ നഫീസ  അലി അഭിനയിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ സാഹിബ് ബീവി ഓര്‍ ഗാഗ്സ്റ്റര്‍ 3 ആണ് നഫീസ ഒടുവിലായി അഭിനയിച്ച ചിത്രം. തന്‍റെ അഭിനയ ജീവിതത്തിലെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ നഫീസ പിന്നീട് സിനിമാ ലോകത്തുനിന്ന് വിടപറയുന്നുവെന്ന സൈറ വസീമിന്‍റെ തീരുമാനത്തോട് പ്രതികരിച്ചും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിശ്വാസത്തില്‍ നിന്ന് അകന്നതിനാല്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന നടി സൈറ വസീമിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സൈറ വസീമിനെ പിന്തുണയ്ക്കുകയായിരുന്നു നഫീസ അലി. 

സൈറ വസീമില്‍ 20 കാരിയായിരുന്ന എന്നെയാണ് ഞാന്‍ കണ്ടത്. തൊഴില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പാണെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാമെന്ന് കരുതിയത്. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്, നിങ്ങളുടെ മാത്രം അവകാശമാണ്. ചെറുപ്പക്കാര്‍ക്ക് ചുറ്റും ധാരാളം സമ്മര്‍ദ്ദങ്ങളുണ്ടാകും. നിങ്ങള്‍ ഒരു കാര്യം തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, അത് അലോചിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുക. കാരണം എല്ലായിപ്പോഴും ഞാന്‍ പുറകിലേക്ക് നോക്കി പറയാറുണ്ടായിരുന്നു; 'എന്തിന് ഞാന്‍ വിട്ട് കൊടുത്തു, എന്തിന് ഞാന്‍ എന്‍റെ പിതാവ് പറയുന്നത് കേട്ടു, ഞാന്‍, ഞാന്‍ പറയുന്നത് കേള്‍ക്കണം' എന്ന് ...''

അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൈറ ആരാധകരെ അറിയിച്ചത്. അഞ്ച് വര്‍ഷമായി തന്‍റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷം ലഭിച്ചിട്ടില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് തന്‍റെ സ്ഥലമായി അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, പക്ഷെ താന്‍ അറിയാതെ തന്നെ തന്‍റെ വിശ്വാസത്തില്‍ നിന്ന് അകലുകയായിരുന്നെന്നുമാണ് സൈറ ട്വീറ്റ് ചെയ്തത്.

''എപ്പോഴും എന്‍റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്‍റെ മതവുമായുള്ള എന്‍റെ ബന്ധം പ്രശ്നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധികുന്നില്ലെന്നും ഞാന്‍ എന്‍റെ അറിവില്ലായ്മയാല്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി.'' ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം പറയുന്നു.

click me!