ഹിന്ദി മൊഴിമാറ്റ പതിപ്പുകളില്‍ വരവേല്‍പ്പ് 'ബിഗ് ബ്രദറി'നും; ഒന്‍പത് ദിവസത്തില്‍ ഒന്നരക്കോടി കാഴ്ചകള്‍

By Web TeamFirst Published May 25, 2021, 8:43 PM IST
Highlights

'ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനി'നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നായിരുന്നു


മലയാള സിനിമകളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് യുട്യൂബില്‍ ലഭിക്കുന്ന വന്‍ പ്രേക്ഷക പ്രതികരണം പലപ്പോഴും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 'ഒരു അഡാറ് ലവും' 'ഫോറന്‍സിക്കു'മൊക്കെയാണ് സമീപകാലത്ത് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്തരത്തില്‍ ഹിറ്റ് ആയിട്ടുള്ളത്. ആ നിരയിലേക്ക് ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ചിത്രം കൂടി എത്തിയിരിക്കുകയാണ്. സിദ്ദിഖിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയ 'ബിഗ് ബ്രദര്‍' ആണ് ആ ചിത്രം.

ഈ മാസം 16ന് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം നേടിയത് 1.6 കോടി കാഴ്ചകളാണ്. 1.9 ലക്ഷത്തിലേറെ ലൈക്കുകളും 3,400ല്‍ ഏറെ കമന്‍റുകളും ചിത്രം നേടിയിട്ടുണ്ട്.

'ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനി'നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നായിരുന്നു. പക്ഷേ തിയറ്റര്‍ റിലീസില്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാതെ പോയി ചിത്രം. എസ് ടാക്കീസിന്‍റെ ബാനറില്‍ സിദ്ദിഖ് സഹ നിര്‍മ്മാതാവ് കൂടിയായിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍, മിര്‍ണ മേനോന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. 

click me!