
ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന് പിന്നാലെ നഞ്ചമ്മക്ക് എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ബിജിബാൽ(BijiBal). 'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്' എന്ന് നഞ്ചിയമ്മയുടെ രേഖാചിത്രം പങ്കുവച്ച് ബിജിബാൽ കുറിച്ചു. സംഗീതത്തിലെ ശുദ്ധി എന്താണെന്ന് ബിജിബാൽ ചോദ്യമുയർത്തി.
ഗായകൻ ലിനു ലാല്‍ നഞ്ചമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. പിന്നാലെ അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങി നിരവധി പേർ നഞ്ചമ്മയെ പിന്തുണച്ച് രംഗത്തെത്തി.
ലിനു ലാൽ പറഞ്ഞത്
ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോംഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.
മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.
'സംഗീതത്തിന് എന്ത് ചാതുർവർണ്യം ? നഞ്ചിയമ്മക്ക് ലഭിച്ചത് അർഹിച്ച അംഗീകാരം': ഹരീഷ് ശിവരാമകൃഷ്ണൻ
ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.
അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ