നിലപാടുകളുടേയും പ്രതിഭയുടെയും പകിട്ട് സൗന്ദര്യമേറ്റുന്ന രേഖ

Published : Oct 10, 2022, 07:49 PM IST
നിലപാടുകളുടേയും പ്രതിഭയുടെയും പകിട്ട് സൗന്ദര്യമേറ്റുന്ന രേഖ

Synopsis

അറുപത്തിയെട്ടാം പിറന്നാള്‍ നിറവില്‍ രേഖ.

വിവാഹിതയല്ലല്ലോ, എന്നിട്ടും എന്തിനാ സിന്ദൂരം?

എനിക്ക് സിന്ദൂരം ഇടാൻ ഇഷ്‍ടമാണ്. അത് എനിക്ക് ചേരുന്നുമുണ്ട്. അതുകൊണ്ട് ഇടുന്നു.

ഇങ്ങനെ ഒരു ഉത്തരം പറയാനും കണ്ണു കൊണ്ടും വാക്കു കൊണ്ടും ഉള്ള ചോദ്യങ്ങൾ നേരിട്ടും സിന്ദൂരമിട്ട് നടക്കാനും ധൈര്യം കാണിച്ച ഒരേ ഒരു നടിയേ ബോളിവുഡിൽ ഉള്ളു. രേഖ. പ്രശസ്‍തിയും പണവും എല്ലാം ആവോളം ഉണ്ടായിട്ടും ജീവിതത്തിൽ എപ്പോഴും ഒറ്റയ്‍ക്കായിരുന്ന രേഖ കരുത്തിന്റെ കൂടി പ്രതീകമായിരുന്നു. പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡിന്റെ വിജയചരിത്രത്തിൽ സ്വന്തം പേരിൽ ഒരു ഏട് എഴുതിച്ചേർത്ത ഭാനുരേഖ ഗണേശൻ എന്ന രേഖക്ക് ഇന്ന് അറുപത്തിയെടാം പിറന്നാൾ.

ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത 'ഉംറാവു ജാൻ' എന്ന കഥാപാത്രം രേഖയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ്. ഇഷ്‍ടപ്പെട്ട പുരുഷൻ കൈ പിടിക്കാതെ വിട്ടുപോയതു കൊണ്ട്, പ്രണയവും അതു തന്ന സ്വപ്‍നങ്ങളും തകർന്നതു കൊണ്ട് വ്രണിത ഹൃദയയായിട്ടും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ് സിനിമയിലെ നായികയും അവളായി പകർന്നാടിയ അഭിനേത്രിയും എന്നതാണ് ആ സാദൃശതക്ക് കാരണം.

വേശ്യാലയത്തിലെ നർത്തകിയായ ഉംറാവു നവാബുമായി പ്രണയത്തിലാണ്. വേറെ വിവാഹത്തിന് ഒരുങ്ങുന്ന കാര്യം നവാബ് പറയുമ്പോൾ മാറി നിന്ന് ബന്ധം തുടരാനും അവൾ തയ്യാറാവുന്നുണ്ട്.  പക്ഷേ ഇനി ഒരിക്കലും ഒരു തരത്തിലുമുള്ള ബന്ധവും ഇല്ലെന്ന് നവാബ് പറയുമ്പോൾ അവൾക്ക് അത് താങ്ങാൻ കഴിയുന്നില്ല. ഒരു വിവാഹജീവിതമോ സ്വസ്ഥമായ കുടുംബജീവിതമോ സാധ്യമല്ലെന്ന യാഥാർത്ഥ്യബോധം അവൾക്ക് ഉണ്ടെങ്കിലും ഒരു പ്രണയം പോലും പറ്റില്ല എന്നത് അവളെ വിഷമിപ്പിക്കുന്നു. തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു താനെന്നും അത് സിനിമയുടെ ചിത്രീകരണസമയത്ത് പ്രതിഫലിച്ചിരുന്നുവെന്നും രേഖ തന്നെ പറഞ്ഞിട്ടുണ്ട്.  അമിതാഭ് ബച്ചനുമായുള്ള (ഉണ്ടെന്ന് പറയപ്പെട്ട, രേഖയുടെ വക ചില സൂചനകളല്ലാതെ രണ്ടു കൂട്ടരും അതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല) പ്രണയം തകർന്നതിനെ കുറിച്ചായിരുന്നു രേഖ സൂചിപ്പിച്ചതത്രേ. 'രേഖ ദ അൺടോൾഡ് സ്റ്റോറി' എന്ന പുസ്‍തകത്തിൽ, 'ഉംറാവു ജാൻ' സംവിധാനം ചെയ്‍ത മുസാഫിർ അലിയെ ഉദ്ധരിച്ച് യാസർ ഉസ്‍മാൻ ഇങ്ങനെ പറയുന്നു.........'രേഖ ജീവഛവം ആയിരുന്നു. അതിന് ഉത്തരവാദി അമിതാഭ് ആണ്. ദില്ലിയിൽ ഷൂട്ടിങ് നടക്കുന്ന വേളയിൽ അമിതാഭ് സെറ്റിൽ വന്ന് ഇരിക്കാറുണ്ടായിരുന്നു.'

എക്കാലത്തും വിശ്വസിക്കാൻ പറ്റുന്ന, ആത്മാർത്ഥതയുള്ള പ്രണയത്തിന്റെ അഭാവം രേഖയെ ബാധിച്ചിരുന്നു. ദുർബലയാക്കിയിരുന്നു. മൂന്ന് വിവാഹവും പല പ്രണയങ്ങളും ഉണ്ടായിരുന്ന അച്ഛൻ ജെമിനി ഗണേശൻ രേഖയുടെ കുട്ടിക്കാലത്ത് വന്നു പോയ കഥാപാത്രം ആയിരുന്നു.  അമ്മ പുഷ്‍പവല്ലിയുടെ നൊമ്പരവും അച്ഛന്റെ ഒറ്റപ്പെടുത്തലും അവഗണനയും രേഖയിൽ ഏൽപ്പിച്ച ആഘാതം എക്കാലത്തും രേഖയെ പിന്തുടർന്നു. അമിതാഭ് ബച്ചൻ മാത്രമല്ല, പിന്നെ രേഖയുടെ പേരിനൊപ്പം ചേർത്തുകേട്ട നായകൻമാരൊന്നും ( വിനോദ് മെഹ്‍റ, നവീൻ നിശ്ചൽ, ശേഖർ സുമൻ) രേഖക്ക് വിശ്വാസത്തിന്റെ ദീർഘകാല ഉറപ്പ് നൽകിയില്ല. വിവാഹം കഴിച്ച മുകേഷ് അഗർവാൾ ആകട്ടെ ഒരു കൊല്ലത്തിനകം ആത്മഹത്യ ചെയ്യുകയും ചെയ്തു.

സ്നേഹത്തിന്റെ കരുതലും ഉറപ്പും ജീവിതത്തിൽ കൂടെയില്ലാത്തതിന്റെ കുറവ് രേഖ പരിഹരിച്ചത് അഭിനയിച്ച് തകർത്തിട്ടാണ്. 'സിൽസില', 'ഖൂബ്‍സൂരത്ത്', 'ഘർ', 'ആസ്‍ത',  'മുകന്ദർ കാ സിക്കന്തർ', 'ഉത്സവ്', 'ഖൂൺ ഭരി മാംഗ്', 'ലജ്ജ', 'ഖിലാഡിയോം കാ ഖിലാഡി', 'ക്രിഷ്' ......അങ്ങനെ അങ്ങനെ പല കാലത്തിറങ്ങിയ പല തരം സിനിമകളിൽ വ്യത്യസ്‍തങ്ങളായ വേഷങ്ങളിലൂടെ രേഖ പ്രതിഭ തെളിയിച്ചു. തെലുങ്ക് ചിത്രങ്ങളായ 'ഇൻതി ഗുട്ടു'വിലും 'രൻഗുല രത്ന'ത്തിലും ബാലതാരമായി തിളങ്ങി ബോളിവുഡിലെ താരറാണിമാരിൽ ഒരാളായി രേഖ വളർന്നത് കഠിനാധ്വാനത്തിലൂടെയാണ്. ചർമത്തിന്റെ നിറത്തിന്റെ പേരിലും  ഭാഷയുടെ പേരിലും എല്ലാം തുടക്കത്തിൽ ഹിന്ദി സിനിമാലോകത്ത് കേട്ട പരിഹാസവും പുച്ഛവും സിദ്ധി കൊണ്ടും ആത്മവിശ്വാസം കൊണ്ടും രേഖ മറികടന്നു. തുണയില്ലാത്തതിന്റെ കുറവ് കൂസലില്ലാതെ ജീവിച്ച് പരിഹരിച്ചു.  

ഇനി ആദ്യം പറഞ്ഞ സിന്ദൂരക്കഥയിലേക്ക്.....

ഋഷി കപൂറിന്റേയും നീതു സിങ്ങിന്റേയും വിവാഹവേദിയിലേക്ക് രേഖ എത്തിയത് പട്ടുസാരിയും സീമന്തരേഖയിൽ സിന്ദൂരവും താലിമാലയും ഒക്കെയിട്ടാണ്. എല്ലാവരും ഒന്ന് അന്തം വിട്ടു. ഷൂട്ടിങ് സ്ഥലത്ത് നിന്ന് നേരിട്ട് വരികയാണെന്ന് രേഖ പറഞ്ഞപ്പോൾ ആണ് എല്ലാവരും ശ്വാസം നേരെ വിട്ടത്. പക്ഷേ പിന്നീട് രേഖ പൊതുവേദികളിൽ വരുന്ന വേളകളിൽ സിന്ദൂരം ഇട്ട് തന്നെ വരാൻ തുടങ്ങി. എന്തിന്, മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വാങ്ങാൻ വന്നപ്പോഴും രേഖയുടെ നെറ്റിയിൽ സിന്ദൂരം ഉണ്ടായിരുന്നു. രാഷ്ട്രപതി ആയിരുന്ന നീലം സഞ്ജീവ റെഡ്ഡി അതേ പറ്റി പറയുകയും ചെയ്‍തു.  അദ്ദേഹത്തോട് പറഞ്ഞില്ലെങ്കിലും വേറെ ആരു സിന്ദൂരം തൊടുന്നതിനെ പറ്റി ചോദിച്ചാലും രേഖ പറഞ്ഞ മറുപടിയാണ് തുടക്കത്തിൽ പറഞ്ഞത്.

വ്യക്തിജീവിതത്തിലെ പ്രശ്‍നങ്ങളും ബോളിവുഡിലെ മത്സരവും എല്ലാം അവർ കരളുറപ്പോടെ തല ഉയർത്തി നിന്ന് തന്നെ നേരിട്ട് മുന്നോട്ടുപോയി. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റേയും നിലപാടുകളുടേയും കരളുറപ്പിന്റേയും പകിട്ട് സൗന്ദര്യമേറ്റുന്നതു കൊണ്ടാണ്  രേഖക്ക് നടി എന്നതിന് അപ്പുറമുള്ള ബഹുമാനത്തിന്റെയും കൗതുകത്തിന്റെയും നിഗൂഢവലയം കൂടി ബോളിവുഡ് നൽകുന്നത്.

Read More: പേടിപ്പിച്ചും ചിരിപ്പിച്ചും കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്', ട്രെയിലര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍