
തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന വിജയമായിരുന്നു പഠാന്‍. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം മുതലേ നടപ്പാക്കിയത്.
നിശ്ചിത ദിനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫര്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവര്‍. ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാര്‍ച്ച് 3 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍. pathaan എന്ന യൂസ് കോഡും ചേര്‍ക്കണം.
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഠാന്‍ ബോളിവുഡിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നാലെയെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍.
ALSO READ : ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; 'ഗുരുവായൂരമ്പല നടയില്‍' വരുന്നു