
ഹോളിവുഡ്: ആന്റണി മാക്കി പ്രധാന വേഷത്തില്‍ എത്തിയ മാര്‍വല്‍ ചിത്രമായിരുന്നു ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്. ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ക്യാപ്റ്റൻ അമേരിക്ക ചിത്രങ്ങളില്‍ നാലാമത്തെ ഭാഗമായിരുന്നു.
വലിയ സ്‌ക്രീനുകളിൽ മൂന്ന് മാസത്തിലേറെയായി പ്രദർശനം നടത്തിയ ശേഷം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ഈ സൂപ്പർഹീറോ ചിത്രം ഒടിടിയില്‍ എത്തുകയാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഞ്ചാം ഘട്ടത്തിലെ രണ്ടാമത്തെ ചിത്രമാണിത്.
ആഗോള ബോക്സോഫീസില്‍ ഈ ചിത്രം ആകെ നേടിയത് 415 മില്ല്യണ്‍ ഡോളറാണ്. 2025ലെ നാലാമത്തെ വലിയ ഹോളിവുഡ് ഗ്രോസിംഗാണ് ഇതെന്ന് പറയാം. 180 മില്യൺ ഡോളറിന്റെ നിർമ്മാണ ബജറ്റും മാർക്കറ്റിംഗ് ചെലവും കണക്കിലെടുക്കുമ്പോൾ, ചിത്രം ലോകമെമ്പാടും നിന്ന് 425 മില്യൺ ഡോളർ നേടിയാല്‍ ആയിരുന്നു ബ്രേക്ക് ഈവണ്‍ ആകുക എന്നാണ് ഡെഡ്‌ലൈൻ ഹോളിവുഡ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തീയറ്റര്‍ വിജയം സംബന്ധിച്ച് മാര്‍വല്‍ പ്രതികരിച്ചിട്ടില്ല.
പുതിയ ഔദ്യോഗിക വിവരം അനുസരിച്ച് ചിത്രം മെയ് 28 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ഒടിടി റിലീസ് ചെയ്യും. ക്രിസ് ഇവാൻസ് അവതരിപ്പിച്ച സ്റ്റീവ് റോജേഴ്‌സിൽ നിന്ന് ഷീല്‍ഡ് സ്വീകരിച്ച് ആന്റണി മാക്കി ആദ്യമായി പുതിയ ക്യാപ്റ്റൻ അമേരിക്ക സാം വിൽസണായി എത്തിയ ബിഗ് സ്ക്രീന്‍ ചിത്രം എന്ന നിലയില്‍ വന്‍ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്.
ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന കേണല്‍ റോസിന്‍റെ റെഡ് ഹൾക്ക് എന്ന കഥാപാത്രം ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. . ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.
ലാറ കാര്‍പ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. നേരത്തെ മിസ് മാര്‍വല്‍, മാര്‍വല്‍സ് എന്നീ എംസിയു പ്രൊഡക്ടുകള്‍ക്ക് ഇവര്‍ സംഗീതം നല്‍കിയിരുന്നു.