
മലയാളത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷക പ്രതീക്ഷയുടെ കാര്യത്തില്‍ മുന്‍നിരയിലുള്ള ചിത്രമാണ് സിബിഐ 5 (CBI 5). മമ്മൂട്ടിയുടെ (Mammootty) ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്‍റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വൈകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. തിയറ്റര്‍ റിലീസ് ആയിരിക്കും ചിത്രം.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
അതേസമയം മമ്മൂട്ടിയുടേതായി മറ്റു രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകള്‍ കൂടി പുറത്തെത്താനുണ്ട്. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ പുഴു സോണി ലിവിന്‍റെ ഡയറക്ട് റിലീസ് ആണ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ലിജോ ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ലോക ഉറക്ക ദിനത്തിലാണ് ലിജോ ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റേതുള്‍പ്പെടെയുള്ള പകലുറക്കമാണ് ടീസറില്‍. മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട് ചിത്രത്തില്‍. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയുടേതായി പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമ. കെട്ട്യോളാണ് എന്‍റെ മാലാഖ ഒരുക്കിയ സംവിധായകനാണ് നിസാം ബഷീര്‍.