CBI 5 : അഞ്ചാം വരവിലും ഉദ്വേഗം തീര്‍ക്കുമോ 'അയ്യര്‍'? സിബിഐ 5 നാളെ മുതല്‍

By Web TeamFirst Published Apr 30, 2022, 6:58 PM IST
Highlights

ജേക്സ് ബിജോയ് ആണ് ഇത്തവണ സംഗീതം ഒരുക്കിയിരിക്കുന്നത്

സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരെ മലയാളികളുടെ സ്വന്തം ജെയിംസ് ബോണ്ട് എന്നു വിശേഷിപ്പിച്ചാല്‍ ഒരു ഏച്ചുകെട്ടല്‍ ആവില്ല. അടിയും ഇടിയും അത്യാധുനിക ആയുധങ്ങളും വാഹനങ്ങളുമായൊക്കെയായിട്ടാണ് ശത്രുക്കളെ ബോണ്ട് നേരിടുന്നതെങ്കില്‍ അയ്യരുടെ മുഖ്യ ആയുധം കൂര്‍മ്മ ബുദ്ധിയാണ്. എസ്എൻ സ്വാമി സൃഷ്ടിച്ച അലി ഇമ്രാൻ എന്ന കുറ്റാന്വേഷകനെ ബ്രാഹ്മണനായ സേതുരാമയ്യരാക്കിയതും പില്‍ക്കാലത്ത് ട്രെന്‍ഡ് സെറ്റര്‍ ആയ അയ്യരുടെ മാനറിസമായ പിറകില്‍ കൈകള്‍ കെട്ടിയുള്ള നടപ്പും നിര്‍ദേശിച്ചത് മമ്മൂട്ടി (Mammootty) തന്നെ. മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളുടെ തലവര തന്നെ മാറ്റി പിന്നീട് ഈ ഫ്രാഞ്ചൈസി.

കുറ്റവാളിയുടെ കൈയ്യിലെ മുറിവും മൃതദേഹത്തിനരികിലെ  എഴുത്തുമടക്കം കിട്ടുന്നതെല്ലാം അരിച്ചുപെറുക്കിയുള്ള അസാധാരണ അന്വേഷണ വഴികളാണ് അയ്യര്‍ ഇക്കാലത്തിനിടെ പിന്നിട്ടത്. 34 വർഷം നീണ്ട ഐതിഹാസിക യാത്ര. കുറ്റവാളികളുടെ പേടിസ്വപ്നം സിബിഐ ഓഫീസർ സേതുരാമയ്യരുടെ ആദ്യ വരവ് 1988ൽ ആയിരുന്നു. കോളിളക്കം ഉണ്ടാക്കിയ ഓമന കൊലക്കേസ്  തെളിയിച്ച അയ്യരുടെ അന്വേഷണ രീതി കണ്ട് മലയാളി ഞെട്ടി. തൊട്ടടുത്ത വർഷം സിനിമാനടിയുടെ കൊലപാതക കഥ പറഞ്ഞ് ജാഗ്രത എത്തി. 5 കൊലപാതകങ്ങളിൽ ഒന്ന് ചെയ്തത് താനല്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലായിരുന്നു 2004ലെ സേതുരാമയ്യർ സിബിഐക്ക് ആധാരം. 2005ൽ നേരറിയാൻ സിബിഐ. ഒരു സ്ത്രീയെ പ്രതി സ്ഥാനത്ത് നിർത്തിയ നാലാം കഥയും പ്രേക്ഷകർ കയ്യടിയോടെ വരവേറ്റു. 17 വർഷത്തെ  ഇടവേളക്ക് ശേഷമാണ് അയ്യരുടെ അഞ്ചാം വരവ് (CBI 5 The Brain).

ന്യൂജെൻ കാലത്ത് സേതുരാമയ്യരുടെ പുതിയ അന്വേഷണ വഴികൾ എങ്ങനെയാകും എന്നതാണ് സിബിഐ 5 ദ് ബ്രെയിനിനെ ആകാംക്ഷാമുനയിൽ നിർത്തുന്നത്. ഒരേ നായകനും സംവിധായകനും രചയിതാവും ഒരു സിനിമയുടെ അഞ്ചാം പതിപ്പിൽ ഒന്നിക്കുന്നു എന്നതാണ് മറ്റൊരു അപൂർവ്വത. കൊലയാളിയെന്ന് തോന്നിക്കുന്ന പലരെയും മുമ്പിലിട്ട് അവസാനം ഒരിക്കലും പ്രതീക്ഷിക്കാത്ത യഥാർത്ഥ കൊലയാളിയെ ക്ലൈമാക്സ് വിചാരണയിലൂടെ അയ്യർ പ്രഖ്യാപിക്കുന്നത് വരെ നീളുന്ന സസ്പെൻസ് ആണ് സിബിഐ സിരീസ് ചിത്രങ്ങളുടെ പൊതു ഘടന.  ശ്യാമിന്‍റെ ട്രേഡ് മാർക്ക് പശ്ചാത്തലസംഗീതം അടക്കം ഉറപ്പിച്ചുനിർത്തുന്നത് അപൂർവ്വമായ സേതുരാമയ്യർ ബ്രാൻഡിനെ തന്നെ. യുവ സംഗീതജ്ഞൻ ജേക്സ് ബിജോയ് ആണ് അഞ്ചാം പതിപ്പില്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതത്തെ പുനരാവിഷ്കരിച്ചിരിക്കുന്നത്. നാൽപതാം വയസ്സിൽ തുടങ്ങിയ സിബിഐ യാത്ര എഴുപത് പിന്നിടുമ്പോഴും അതേ തലയെടുപ്പോടെ നില്‍ക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി.

പുതിയ കാലത്തിന്‍റെ മാറ്റങ്ങളുമായി പുതിയ കേസ് തെളിയിക്കാൻ സേതുരാമയ്യർ വരുമ്പോള്‍ എടുത്തുവീശുന്നത്  ഇതുവരെ കാണാത്ത നമ്പരുകള്‍ തന്നെയെന്ന ഉറപ്പിലാണ് സിബിഐ ആരാധകർ. അപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി വീൽചെയറിൽ കഴിയുന്ന ജഗതിയുടെ സിബിഐ ഓഫീസർ വിക്രമായുള്ള മടക്കവും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പെരുന്നാള്‍ റിലീസ് ആയി ഞായറാഴ്ചയാണ് ചിത്രം എത്തുന്നത്. ഞായറാഴ്ച എന്ന റിലീസും ഒരു അപൂര്‍വ്വത. ആദ്യ ഷോകള്‍ ആരംഭിക്കാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

click me!