
ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘തമ്മുഡു’വിന് സെൻസർ ബോർഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ശ്രീറാം വേണു സംവിധാനം ചെയ്ത് നിതിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം ജൂലൈ 4-ന് തിയേറ്ററുകളിൽ എത്തും.
‘തമ്മുഡു’ ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിതിൻ ഒരു അമ്പെയ്ത്തുകാരന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ സഹോദരിയെയും അവളുടെ കുഞ്ഞിനെയും രക്ഷിക്കാൻ ഇയാള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.
“വാക്ക് നൽകി അത് പാലിക്കാതിരുന്നാൽ ജീവിച്ചിരുന്നാലും മരിച്ചതിന് തുല്യം, മരിച്ചാലും വാക്ക് പാലിച്ചാൽ ജീവിച്ചതിന് തുല്യം” എന്ന ടീസറിലെ നിതിന്റെ ഡയലോഗ് ചിത്രത്തിന്റെ വൈകാരിക ആഴം വെളിപ്പെടുത്തുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.
നിതിനൊപ്പം ലയ, സപ്തമി ഗൗഡ, സൗരഭ് സച്ദേവ്, സ്വസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ, ടെമ്പർ വംശി, ചമ്മക് ചന്ദ്ര, വർഷ ബൊല്ലമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബി. അജനീഷ് ലോക്‌നാഥ് സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം കെ.വി. ഗുഹനും സമീർ റെഡ്ഡിയും സേതുവും ചേർന്ന് നിർവഹിച്ചപ്പോൾ, എഡിറ്റിംഗ് ഷ്. പ്രവീൺ പൂഡിയാണ്. ജി.എം. ശേഖർ ആർട്ട് ഡയറക്ഷനും, വിക്രം മോർ, റിയൽ സതീഷ്, രവി വർമ, രാം കൃഷ്ണൻ എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു.
സെൻസർ ബോർഡ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മാറ്റങ്ങള്‍ വരുത്തിയാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന് നിര്‍ദേശിച്ചെങ്കിലും, ചിത്രത്തിന്‍റെ അണിയറക്കാര്‍ ‘എ’ സർട്ടിഫിക്കറ്റോടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ