
തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂൽ പൂക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശകാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
ദുബൈയില് ആയിരുന്ന താന്‍ ഇതിനായി ദില്ലിയില് എത്തി. കോൺഗ്രസ് എംപി ശശി തരൂരൂം പ്രശ്നത്തില് ഇടപെട്ട് സഹായം നല്‍കി. വിസ ചട്ടങ്ങളില് കേന്ദ്രം വരുത്തിയ മാറ്റം നടപടിക്രമങ്ങൾ വൈകാൻ കാരണമായി. വിദേശ നയം മുന്‍നിർത്തി സിനിമക്ക് അനുമതി നിഷേധിച്ചാൽ അത് പാലിക്കാന്‍ അക്കാദമി ബാധ്യസ്ഥമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരീന്‍റെ രാഷ്ട്രീയ തീരുമാനത്തിനല്ല പ്രസക്തി. അത് കൊണ്ടാണ് ആറ് സിനിമകളുടെ അനുമതി നിഷേധിച്ചത് അംഗീകരിച്ചതെന്നും പൂക്കുട്ടി പറഞ്ഞു. തന്‍റെ അസാനിധ്യം മേളയെ ബാധിച്ചിട്ടില്ലെന്നും വീഡിയോ കോൺഫറൻസിലൂടെ താൻ എപ്പോഴും സംഘാടനത്തിൽ ഉണ്ടായിരുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. സമാപന പരിപാടി വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ