
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്‍റെ മിനുട്സ് പുറത്ത്. ചലച്ചിത്ര അക്കാദമിയിലെ വിമത യോഗത്തിന്റെ മിനുട്സ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്.
ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരൻ സോഹൻ സീനു ലാൽ അടക്കം 9 പേര് പങ്കെടുത്തുവെന്നാണ് യോഗത്തിന്‍റെ മിനുട്സ് പറയുന്നത്. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.
അതേ സമയം രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിൻറെ പെരുമാറ്റമെന്ന് അംഗങ്ങൾ പറയുന്നു. തങ്ങൾക്ക് ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവർ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയർമാൻ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവൽ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയർമാൻ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സലാർ കേരള റിലീസ്: വന്‍ അപ്ഡേറ്റ് ഇതാ എത്തി.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ