ദുല്‍ഖര്‍ 'ഡാനി ഭായ്' ആയത് ഇങ്ങനെ; 'ചുപ്പ്' മേക്കിംഗ് വീഡിയോ

By Web TeamFirst Published Sep 28, 2022, 9:41 PM IST
Highlights

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്

ബ്രഹ്‍മാസ്ത്രയ്ക്കു പിന്നാലെ മറ്റൊരു ചിത്രം കൂടി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുന്നതിന്‍റെ ആശ്വാസത്തിലാണ് ബോളിവുഡ്. അതില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുപ്പ് എന്ന ചിത്രമാണ് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയോടെ തിയറ്ററുകളില്‍ തുടരുന്നത്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കഥാപാത്രത്തിനായി ദുല്‍ഖറിനെ തെരഞ്ഞെടുത്തതെന്ന് വീഡിയോയില്‍ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്നാണ് ആര്‍ ബല്‍കി പറയുന്നത്. ദുല്‍ഖറിന്‍റെ പെരുമാറ്റത്തെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ അഭിപ്രായമാണ്.

റിലീസിന് മുന്നോടിയായി ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നടത്തിയ പ്രിവ്യൂവിലൂടെ മികച്ച അഭിപ്രായം നേടിയ സിനിമയാണിത്. നിരൂപകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പകരം സാധാരണ പ്രേക്ഷകര്‍ക്കാണ് ചിത്രം ആദ്യം കാണാന്‍ അണിയറക്കാര്‍ അവസരം ഒരുക്കിയത്. ചിത്രത്തില്‍ ദുല്‍ഖറിന്‍റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. 

ALSO READ : 'സ്റ്റീഫന്‍ നെടുമ്പള്ളി' തെലുങ്കില്‍ 'ബ്രഹ്‍മ'; ഗോഡ്‍ഫാദര്‍ ട്രെയ്‍ലര്‍

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

tags
click me!